'മഥുര'യുമായി ബി.ജെ.പി പാർലമെൻറിൽ; 1991ലെ നിയമം റദ്ദാക്കണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിനുമേൽ അവകാശവാദമുന്നയിക്കുന്നതിൽ ഹിന്ദുത്വ ശക്തികൾക്ക് തടസ്സമായ നിയമം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പാർലമെൻറിൽ. രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരുടെ പിന്തുണയോടെ ഈ വിഷയം അവതരിപ്പിക്കാൻ ബി.ജെ.പി എം.പിയെ രാജ്യസഭ ചെയർമാൻ അനുവദിച്ചത് ചോദ്യംചെയ്ത് പ്രതിപക്ഷ അംഗങ്ങൾ വിഷയാവതരണം തടസ്സപ്പെടുത്തി.
എന്നാൽ, പ്രതിഷേധം തള്ളിയ രാജ്യസഭ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ സിങ് വിഷയവുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ, 'അയോധ്യക്ക് ശേഷം മഥുര' എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷമാണ് ആഗ്രയിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായ ഹർനാഥ് സിങ് യാദവ് പാർട്ടി അജണ്ടയുമായി പാർലമെൻറിലെത്തിയത്.
1991ലെ നിയമത്തിലൂടെ ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947ന് മുമ്പുള്ള അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതിയിൽ പോയിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് നിയമം പാസാക്കിയ പാർലമെൻറ് തന്നെ അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർനാഥ് സിങ് യാദവ് വ്യക്തമാക്കി. മഥുരയിലെ കൃഷ്ണ ഭഗവാെൻറ ഭൂമി വിദേശി ആക്രമണം കൊണ്ടും വാളു കൊണ്ടും കൈയേറിയതിന് നിയമ പ്രാബല്യം നൽകുകയാണ് 1991ൽ ചെയ്തതെന്ന വ്യാജ ആരോപണം യാദവ് ഉന്നയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു.
ഇത്തരം വിഷയങ്ങളുന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ ജനതാദൾ എം.പിയും ഡൽഹി സർവകലാശാല പ്രഫസറുമായ മനോജ് ഝായുടെ നേതൃത്വത്തിൽ പ്രതിപക്ഷം ചോദ്യം ചെയ്തു. ഈ സഭ കൂടി പാസാക്കിയ നിയമത്തിനെതിരെ ശൂന്യവേളയിൽ സംസാരിക്കാൻ ആരാണ് അനുവദിച്ചതെന്ന് ആനന്ദ് ശർമ ചോദിച്ചു. എന്നാൽ, മഥുര അജണ്ടയുമായി മുന്നോട്ടുപോകാൻ രാജ്യസഭ ഉപാധ്യക്ഷൻ ബി.ജെ.പി എം.പിയെ സഹായിച്ചു.
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദവും പാരസ്പര്യവും നിലനിർത്താൻ ഈ സഭ പാസാക്കിയ നിയമത്തിനെതിരെ സംസാരിക്കാൻ അനുവദിച്ചത് ശരിയായില്ലെന്നും ഝാ ചൂണ്ടിക്കാട്ടി. അതോടെ ബി.ജെ.പി എം.പിക്ക് പ്രതിരോധം തീർത്ത് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് രംഗത്തുവന്നു. ഈ വിഷയം ശൂന്യവേളയിൽ ഉന്നയിച്ചത് ചട്ടങ്ങൾക്ക് വിധേയമാണെന്നും അതിൽ അസന്തുഷ്ടിയുണ്ടെങ്കിൽ രാജ്യസഭ ചെയർമാന് എഴുതുകയാണ് വേണ്ടതെന്നും ഉപാധ്യക്ഷൻ കൂട്ടിച്ചേർത്തു.
91ലെ നിയമം വന്നത് വർഗീയ പ്രചാരണം മൂർധന്യത്തിലെത്തിയപ്പോൾ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും കാര്യത്തിൽ 1947ലെ തൽസ്ഥിതി നിലനിർത്തിക്കൊണ്ടുള്ള നിയമം 1991ൽ അന്നത്തെ കോൺഗ്രസ് സർക്കാർ പാസാക്കിയത്, അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കാൻ വിശ്വഹിന്ദു പരിഷത്തിെൻറ നേതൃത്വത്തിൽ വർഗീയ പ്രചാരണം മൂർധന്യത്തിലെത്തിയ ഘട്ടത്തിൽ. ബാബരി ഭൂമി തർക്കം 1947ന് മുേമ്പ കോടതിയിലെത്തിയിട്ടുണ്ടെന്ന ന്യായത്താൽ അന്ന് അതിനെ നിയമത്തിെൻറ പരിധിയിൽ നിന്നൊഴിവാക്കി.
അങ്ങനെയാണ്, ബാബരി മസ്ജിദ് തകർക്കാൻ കർസേവകർക്കും, പള്ളി തകർത്ത വിശ്വഹിന്ദു പരിഷത്ത് കേസിൽ കക്ഷിയാക്കിയ 'രാം ലല്ല വിരാജ്മാന്' രാമക്ഷേത്രമുണ്ടാക്കാൻ അനുകൂലമായി വിധി പുറെപ്പടുവിക്കാൻ സുപ്രീംകോടതിക്കും കഴിഞ്ഞത്. ബാബരി മസ്ജിദിനെ നിയമത്തിൽനിന്ന് ഒഴിവാക്കിയത് അന്നേ ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും മറ്റു ആരാധനാലയങ്ങൾക്കുമേലുള്ള അവകാശവാദം ഉന്നയിക്കാനുള്ള വഴിയടയുമെന്ന മറുപടിയാണ് അന്ന് കോൺഗ്രസ് സർക്കാർ നൽകിയിരുന്നത്. എന്നാൽ, നിയമം കൃഷ്ണനും രാമനുമിടയിൽ വിവേചനം ഉണ്ടാക്കിയെന്നാണ് ബി.ജെ.പിയുടെ വാദം.
രാമജന്മഭൂമിയിൽ ക്ഷേത്രമുണ്ടാക്കാൻ കോടതി വിധിച്ച രാജ്യത്ത് കൃഷ്ണ ഭൂമിയിൽ ക്ഷേത്രമുണ്ടാക്കാനുള്ള കേസുമായി കോടതിയിൽ പോകാൻ കഴിയാത്തത് 1991ലെ നിയമം കൊണ്ടാണ്. ആരാധനലയങ്ങളുടെ അവകാശമാണ് ഇതിലൂടെ ഹനിക്കപ്പെട്ടിരിക്കുന്നതെന്നും ശ്രീരാമനും ശ്രീകൃഷ്ണനുമിടയിൽ വിവേചനം ഉണ്ടാക്കുന്ന നിയമമാണെന്നും രണ്ടു പേരും വിഷ്ണു ഭഗവാെൻറ അവതാരങ്ങളാണെന്നുമാണ് രാജ്യസഭയിൽ വ്യാഴാഴ്ച വിഷയമവതരിപ്പിച്ച യാദവ് പറഞ്ഞത്.
അവതാരങ്ങൾക്കിടയിൽ വ്യത്യാസം കൽപിക്കാൻ പറ്റില്ലെന്നും വ്യത്യസ്ത നിയമം പാടില്ലെന്നും യാദവ് പറഞ്ഞു. 1991ലെ നിയമം ഭരണഘടനാവിരുദ്ധവും ഹിന്ദു, സിഖ്, ജൈന, ബുദ്ധ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് എതിരുമാണെന്നും അതിനാൽ നിയമം എടുത്തുകളയണമെന്നും യാദവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.