മഥുര പള്ളി: ഹരജി ജൂലൈയിലേക്ക് മാറ്റി
text_fieldsമഥുര (യു.പി): ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുമാറ്റുകയും പള്ളിയുടെ ഭൂമി ശ്രീകൃഷ്ണ ക്ഷേത്രത്തിന് കൈമാറുകയും ചെയ്യണമെന്ന ഹരജി ജൂലൈ ഒന്നിലേക്ക് മാറ്റി. വ്യാഴാഴ്ച കേസ് പരിഗണിച്ച മഥുര സിവിൽ ജഡ്ജിയാണ് (സീനിയർ ഡിവിഷൻ) കേസ് മാറ്റിയത്.
ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ സമർപ്പിച്ച ഹരജി നിലനിൽക്കുന്നതാണെന്ന് ജില്ല കോടതി വിധിച്ചതിനെ തുടർന്നാണ് ആദ്യമായി ഹരജി പരിഗണിച്ചത്. എതിർകക്ഷികളായ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവക്ക് ഹരജി പകർപ്പ് കൈമാറാൻ കോടതി നിർദേശിച്ചു. 2020 സെപ്റ്റംബർ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറുപേരും ചേർന്ന് ഹരജി നൽകിയത്. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ടാണ് ഇവർ കോടതിയിലെത്തിയത്.
ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം. എന്നാൽ, 2020 സെപ്റ്റംബർ 30ന് സിവിൽ കോടതി ഹരജി സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിനെതിരെ ഹരജിക്കാർ ജില്ല കോടതിയെ സമീപിച്ചതിനെ തുടർന്ന് മേയ് 19നാണ് ഹരജി നിലനിൽക്കുന്നതാണെന്ന് വിധിയുണ്ടായത്.
ഗ്യാൻവാപി: മസ്ജിദ് കമ്മിറ്റിവാദം 30ന് വീണ്ടും കേൾക്കും
വാരാണസി: ഗ്യാൻവാപി കേസിൽ തൽസ്ഥിതി തുടരണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ വാരാണസി ജില്ല കോടതിയിൽ വ്യാഴാഴ്ച വാദം പൂർത്തിയായില്ല. ഇതേ തുടർന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്റെ വാദം മേയ് 30ന് തുടരും. കോടതി നിയോഗിച്ച കമീഷൻ മസ്ജിദിൽ നടത്തിയ വിഡിയോ സർവേ റിപ്പോർട്ടിൽ എതിർപ്പുണ്ടെങ്കിൽ ഹരജി നൽകാൻ ചൊവ്വാഴ്ച കോടതി ഇരു വിഭാഗത്തിനും ഒരാഴ്ച കൂടി അനുവദിച്ചിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹരജി മുൻഗണനയോടെ പരിഗണിക്കണമെന്ന് മേയ് 20ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയ ഉത്തരവിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.