യു.പിയിൽ അഴിമതിക്കെതിരെ നാലുമാസം നിരാഹാരമിരുന്ന 66കാരൻ മരിച്ചു
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ അഴിമതിക്കെതിരെ നിരാഹാര സമരത്തിലായിരുന്ന സാമൂഹികപ്രവർത്തകൻ മരിച്ചു. കഴിഞ്ഞ നാല് മാസമായി ഗ്രാമീണ മേഖലയിലെ വികസനപ്രവർത്തനങ്ങൾ നടത്തുന്നതിലെ അഴിമതി ചൂണ്ടിക്കാട്ടി ദേവകി നന്ദ് ശർമ്മ നിരാഹാരസമരത്തിലായിരുന്നു. ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഗ്രാമീണമേഖലയിലെ വികസന പദ്ധതികളിലെ അഴിമതിയെ കുറിച്ച് ശർമ്മ നിരവധി പരാതികൾ നൽകിയിരുന്നുവെന്ന് പ്രദേശത്തെ ജില്ലാ മജിസ്ട്രേറ്റ് അദേഷ് കുമാർ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ശർമ്മയുടെ ആരോപണം.
അഴിമതി സംബന്ധിച്ച പരാതികളിൽ അന്വേഷണം നടത്തിയ കമിറ്റിയിൽ ശർമ്മയും ഭാഗമായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് റിപ്പോർട്ട് അംഗീകരിക്കാൻ ശർമ്മ തയാറായില്ല. പിന്നീട് ഫെബ്രുവരി 12 മുതൽ സമീപത്തെ ക്ഷേത്രത്തിൽ നിരാഹാരം തുടങ്ങുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ജൂൺ പത്തിന് ശർമ്മയുമായി ചർച്ച നടത്തുകയും തുടർന്ന് നിരാഹാരം അവസാനിപ്പിക്കാൻ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പക്ഷേ ഗ്രാമീണരുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം തീരുമാനം മാറ്റി. വീടിന് മുന്നിൽ നിരാഹാരം തുടങ്ങുകയായിരുന്നു.
പീന്നീട് ശർമ്മയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വീട്ടുകാർ വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ശർമ്മയെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, ജില്ലാ ആശുപത്രിയിലും ശർമ്മ നിരാഹാരം തുടർന്നു. ജില്ലാ മജിസ്ട്രേറ്റെത്തി അഭ്യർഥിച്ചിട്ടും സമരം അവസാനിപ്പിക്കാൻ അദ്ദേഹം തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.