മൗദൂദി-ഖുതുബ് പുസ്തക വിവാദം ജനശ്രദ്ധ തിരിച്ചുവിടാൻ: ജമാഅത്ത് ഉപാധ്യക്ഷൻ
text_fieldsന്യൂഡൽഹി: രാജ്യത്തിന്‍റെ മുഖ്യവിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴി തിരിച്ചുവിടുന്നതിനുണ്ടാക്കിയ വിവാദങ്ങളിലൊന്നാണ് സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെയും സയ്യിദ് ഖുതുബിന്‍റെയും പുസ്തകങ്ങളെ കുറിച്ചുള്ള വിവാദമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷൻ മുഹമ്മദ് സലീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത് കൊണ്ടാണ് അതൊരു വലിയ ചർച്ചയാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകാരികമായ വിഷയങ്ങളിൽ ജനങ്ങളെ തളച്ചിട്ട് അടിസ്ഥാന വിഷയങ്ങൾ അവർ ശ്രദ്ധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അക്കാദമിക തലത്തിലുള്ള ഒരു വിഷയമാണിത്.അക്കാദമിക് തലത്തിൽ ഏത് വിഷയം പഠിപ്പിക്കണമെന്നത് അതിന്‍റെ സർവകലാശാലയും അക്കാദമിക് കൗൺസിലും ചേർന്ന് തീരുമാനിക്കേണ്ടതാണ്. അവർ അത് പലപ്പോഴും മാറ്റുന്നതും സാധാരണ നടപടിയാണ്. എന്നിട്ടും ചിലയാളുകൾ പ്രധാനമന്ത്രിക്ക് കത്തെഴുതി അതിനെ വൈകാരികമാക്കാനുള്ള ശ്രമം നടത്തി. ഒരു പ്രശ്നമല്ലാത്ത കാര്യത്തെ വലിയ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്.
ഇത്തരത്തിൽ രാജ്യത്തിന്‍റെ അടിസ്ഥാന വിഷയങ്ങളിൽ ജനശ്രദ്ധ തിരിച്ചുവിടാൻ അനുവദിക്കരുത്. ആ വിഷയത്തിന് അതർഹിക്കുന്ന പ്രതികരണം ജമാഅത്ത് നൽകിയിട്ടുണ്ട് എന്നും മുഹമ്മദ് സലീം കൂട്ടിച്ചേർത്തു. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. മതിയായ ചർച്ചയില്ലാതെയാണ് പ്രധാന നിയമങ്ങൾ പോലും പാസാക്കിയെടുക്കുന്നത്. വിലക്കയറ്റവും അവശ്യ സാധനങ്ങളുടെ ജി.എസ്.ടി നിരക്കുവർധനയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യക്ക് ഏറെ ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിക്ക് മതിയായ തുക അനുവദിക്കാത്തത് മൂലം തൊഴിലാളികൾക്ക് വേതനം കൊടുക്കുന്നില്ല. 2014ന് ശേഷം ഒമ്പത് ലക്ഷത്തിലേറെ പേർ വിദേശ പൗരത്വം സ്വീകരിച്ചത് തങ്ങളുടെ മക്കുടെ ഭാവിയിൽ അവർക്കുള്ള ആത്മവിശ്വാസക്കുറവാണ് കാണിക്കുന്നതെന്ന് മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യ ലബ്ധി തൊട്ട് നാമുയർത്തുന്ന ത്രിവർണ പതാക രാജ്യത്തിന്റേതാണ്എന്ന് ആർക്കാണറിയാത്തതെന്ന് 'ഹർ ഘർ തിരംഗ'യുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഹമ്മദ് സലീം പ്രതികരിച്ചു. 'ഹർ ഘർ തിരംഗ'യും ഇത് പോലെ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് തിരിച്ചുവിടാനുളള ശ്രമമാണ്. ഒരു ഭരണകൂടത്തെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ്. എല്ലാ വീട്ടിലുമല്ല, എല്ലാ മനസിലും ത്രിവർണ പതാകയുണ്ടെന്നും എന്നാൽ എല്ലാ വീട്ടിലും തൊഴിലാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ എസ്. അമീനുൽ ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.