പാഠപുസ്തകത്തിൽ നിന്നും മൗലാന ആസാദിനേയും വെട്ടി എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബുൽ കലാം ആസാദിനെയും പാഠപുസ്തകത്തിൽ നിന്ന് പുറത്താക്കി എൻ.സി.ഇ.ആർ.ടി. ജമ്മു-കശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്തത് സംബന്ധിച്ച പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
പുതുക്കിയ പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്നാണ് ആസാദിന്റെ വിശദ വിവരങ്ങളും കശ്മീരുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഒഴിവാക്കിയത്. ‘ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്’ എന്ന ഭാഗത്തിൽനിന്നാണ് ആസാദിനെ ഒഴിവാക്കിയത്. പാഠപുസ്തകത്തിലെ ആദ്യ അധ്യായത്തിലാണ് ഈ പാഠഭാഗം വരുന്നത്. ഭരണഘടനാ അസംബ്ലിയിൽ എട്ട് പ്രധാനപ്പെട്ട കമ്മിറ്റികളുണ്ടായിരുന്നുവെന്ന് പുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിൽ പറയുന്നുണ്ട്. ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാനാ ആസാദ്, അംബേദ്കർ എന്നിവരെല്ലാം കമ്മിറ്റികളിൽ അധ്യക്ഷത വഹിച്ചുവെന്ന് പരിഷ്കരിക്കുന്നതിനു മുമ്പുള്ള എൻ.സി.ഇ.ആർ.ടി പാഠപുസ്തകം പറയുന്നു. എന്നാൽ, ഈ വർഷത്തെ പാഠപുസ്തകത്തിൽനിന്നും മൗലാനാ അബുൽ കലാം ആസാദിന്റെ പേര് വെട്ടിയിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നിർണായക സ്ഥാനം വഹിച്ച വ്യക്തിയാണ് അബുൽ കലാം ആസാദ്. ഭരണഘടന അസംബ്ലിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആദ്യ രൂപരേഖ തയാറാക്കിയത്. 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്ന സുപ്രധാന തീരുമാനം കൈക്കൊള്ളുന്നതിൽ നിർണായക സ്ഥാനം വഹിച്ചത് മൗലാനാ ആസാദ് ആയിരുന്നു.
ജാമിഅ മില്ലിയ ഇസ്ലാമിയ, വിവിധ ഐ.ഐ.ടികൾ, മറ്റ് സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സാക്ഷാത്കാരത്തിലും പ്രധാന പങ്കുവഹിച്ചത് മൗലാനാ ആസാദായിരുന്നു. 2009ൽ തുടങ്ങിയ മൗലാനാ അബുൽ കലാം ആസാദ് ഫെലോഷിപ്പും ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ നേരത്തേ നിർത്തലാക്കിയിരുന്നു. ജമ്മു-കശ്മീരിന്റെ സ്വയംഭരണാധികാരം നിലനിൽക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീർ ഇന്ത്യയിൽ ലയിച്ചത് എന്ന വസ്തുതയും പരിഷ്കരിച്ച 11ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഭരണഘടനയുടെ തത്ത്വശാസ്ത്രം’ എന്ന തലക്കെട്ടിലുള്ള പാഠപുസ്തകത്തിലെ പത്താം അധ്യായത്തിൽനിന്നാണ് കശ്മീർ സംബന്ധിച്ച വിവരണം ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.