ചരിത്രം കുറിച്ച് മൗലാന മുഹിബ്ബുല്ല നദ്‍വി; ലോക്സഭാംഗമാകുന്ന ആദ്യ പള്ളി ഇമാം, ദൈവനാമത്തിൽ സത്യപ്രതിജ്ഞ
text_fieldsന്യൂഡൽഹി: യു.പിയിലെ റാംപൂർ മണ്ഡലത്തിൽ നിന്ന് സമാജ് വാദി പാർട്ടി എം.പിയായ മൗലാന മുഹിബ്ബുല്ല നദ്‍വി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. റാംപൂരിൽ നിന്ന് 87434 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയിലെ ഘൻശ്യാം സിങ് ലോധിയെ മുഹിബ്ബുല്ല നദ്‍വി പരാജയപ്പെടുത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിൽ പാർലമെന്‍റ് അംഗമാകുന്ന ആദ്യ പള്ളി ഇമാമാണ് 48കാരനായ മൗലാന മുഹിബ്ബുല്ല നദ്‍വി. പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഏതാനും വാര മാത്രം അകലെയുള്ള നയീ ദില്ലി ജുമ മസ്ജിദിലാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്.
റാംപൂർ റാസാനഗറിലെ കർഷക കുടുംബത്തിൽ ജനിച്ച് ലഖ്നൗവിലെ നദ്‍വത്തുൽ ഉലൂമിൽ നിന്ന് മതപഠനം പൂർത്തിയാക്കിയ മുഹിബ്ബുല്ല ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 15 വർഷത്തോളമായി പാർലമെന്റ് സ്ട്രീറ്റിലെ ജുമ മസ്ജിദ് ഇമാമാണ്.
പാർലമെന്റംഗങ്ങളുൾപ്പെടെ രാഷ്ട്രീയ നേതാക്കളുമായി നല്ല സൗഹൃദം കാത്തുപോരുന്ന അദ്ദേഹം പഴയ ഡൽഹി ജുമ മസ്ജിദ് ഇമാമുമാരെ പോലെ സമുദായത്തിന്റെ കുത്തക അവകാശപ്പെടാറില്ല. സൗഹാർദ വേദികളിലും മതാന്തര സംവാദത്തിലും സജീവമായി പങ്കുചേരുന്ന ഇദ്ദേഹം ഡൽഹിയിലെ മലയാളി സംഘടനകളുടെ ചടങ്ങുകളിലും പ്രഭാഷകനായി എത്താറുണ്ട്.
റാംപൂരിനെ ദീർഘകാലം പ്രതിനിധീകരിച്ചു പോന്ന അഅ്സംഖാന്റെ നോമിനിയെ പിന്തള്ളിയാണ് മുഹിബ്ബുല്ല നദ്‍വി ഇക്കുറി സമാജ് വാദി ടിക്കറ്റ് നേടിയത്. പാർട്ടി മേധാവി അഖിലേഷ് യാദവിന്റെ ഉറച്ച പിന്തുണയായിരുന്നു അതിന് ബലമേകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.