മൗലാന മുഹമ്മദ് റാബിഅ് ഹസനി നദ്വി അന്തരിച്ചു
text_fieldsലഖ്നോ: അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനും ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയുടെ മുഖ്യകാര്യദർശിയുമായിരുന്ന പ്രമുഖ പണ്ഡിതൻ മൗലാന മുഹമ്മദ് റാബിഅ് ഹസനി നദ്വി അന്തരിച്ചു. 94 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ലഖ്നോ നദ്വത്തുൽ ഉലമയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാത്രി പത്തിന് ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ.
ഇന്ത്യൻ ഇസ്ലാമിക കർമശാസ്ത്ര അക്കാദമി രക്ഷാധികാരി, മുസ്ലിം വേൾഡ് ലീഗ് അംഗം, അതിന്റെ ഇന്ത്യൻ ചാപ്റ്റർ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിം നേതാക്കളുടെ പട്ടികയിൽ പതിവായി ഇടംപിടിക്കാറുള്ള റാബിഅ് ഹസനി നദ്വി, അറബി ഭാഷക്ക് നൽകിയ സമഗ്രസംഭാവനക്ക് രാഷ്ട്രപതിയുടെയും യു.പി സർക്കാറിന്റെയും പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. 1929 ഒക്ടോബർ ഒന്നിന് റായ്ബറേലിയിലാണ് ജനിച്ചത്.
റായ്ബറേലിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം ലഖ്നോ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ ഉപരിപഠനമാരംഭിച്ച മുഹമ്മദ് റാബിഅ് ഹസനി അവിടെനിന്നും ബിരുദമെടുത്തു. ദാറുൽ ഉലൂം ദയൂബന്ദിൽ ഒരു വർഷം പഠിച്ചു.
1949ൽ ദാറുൽ ഉലൂം നദ്വത്തുൽ ഉലമയിൽ അധ്യാപകനായ അദ്ദേഹം അറബിക് വകുപ്പ് മേധാവി, ഡീൻ, തുടർന്ന് 1993ൽ സ്ഥാപനത്തിന്റെ വൈസ് ചാൻസലർ (മുഹ്തമീം) എന്നീ സ്ഥാനങ്ങൾ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.