ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവിന്റെ മരുമകൾ നിദ ഖാൻ ബി.ജെ.പിയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മുസ്‌ലിം രാഷ്ട്രീയ പാർട്ടിയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ സ്ഥാപക നേതാവ് തൗഖീർ റസാ ഖാന്റെ മരുമകൾ ബി.ജെ.പിയിൽ ചേർന്നു. നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്വന്തം സഹോദരിയെപ്പോലെയാണെന്ന് വിശേഷിപ്പിച്ചിരുന്ന നിദ ഖാനാണ് ബി.ജെ.പി അംഗത്വമെടുത്തത്.
യു.പിയിൽ ബി.ജെ.പി ഭരണത്തിനു കീഴിൽ മാത്രമാണ് മുസ്‌ലിം സ്ത്രീക്ക് സുരക്ഷയുള്ളതെന്ന് നിദ പറഞ്ഞു. മുത്തലാഖിനെതിരായ ബി.ജെ.പിയുടെ പോരാട്ടമാണ് പാർട്ടിയെ പിന്തുണക്കുന്നതിൽ നിർണായകമായതെന്ന് നിദ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്ന് ബി.ജെ.പി സർക്കാർ സ്ത്രീകൾക്ക് നൽകിയ സുരക്ഷ ഇത്തവണ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാകും. വനിതാ ശാക്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും നിദ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് ആരംഭിച്ച 'ലഡ്കി ഹൂ, ലഡ് സക്തി ഹൂ'(പെണ്ണാണ്, പോരാടാനറിയാം) കാമ്പയിൻ കൊണ്ട് സ്ത്രീകൾക്ക് ഒരു കാര്യവുമില്ലെന്നും നിദ കുറ്റപ്പെടുത്തി. രണ്ട് ആഴ്ച മുമ്പ് തന്റെ ഭർതൃപിതാവ് തൗഖീർ റസാ ഖാൻ കോൺഗ്രസിൽ ചേർന്നെങ്കിലും താൻ എപ്പോഴും ബി.ജെ.പിയെയാണ് പിന്തുണക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഭർതൃപിതാവിനെതിരായ ആരോപണങ്ങളിലൂടെ നിദ ഖാൻ നേരത്തെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 'മുത്തലാഖിന്റെ ഇര'യായും ആഘോഷിക്കപ്പെട്ടിരുന്നു. ഈ മാസം ആദ്യത്തിലാണ് മൗലാന തൗഖീർ റസാ ഖാൻ കോൺഗ്രസിൽ ചേർന്നത്. 2001ലാണ് തൗഖീർ റസാ ഖാന്റെ നേതൃത്വത്തില്‍ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ രൂപീകൃതമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച ലഖ്നോവിൽ നടന്ന ചടങ്ങിലാണ് ഇവർ ബി.ജെ.പി അംഗത്വം നേടിയത്. എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ മരുമകൾ അപർണയും കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.