ധാരാവി ജയിക്കുേമ്പാൾ ഈ മൗലാനമാർക്കുമുണ്ട് ധാരാളം കൈയടി...
text_fieldsമുംബൈ: ആറു മാസത്തോളം, വൈകുന്നേരത്തെ ബാങ്ക് വിളിക്കൊപ്പം ആ സന്ദേശവും മുഖരിതമായി. നമസ്കാരത്തിലേക്ക് ആളുകളെ ഉണർത്തുന്നതിനൊപ്പം, പള്ളികളിലെ ലൗഡ് സ്പീക്കറിൽനിന്നുയർന്നത്, രാജ്യത്തിെൻറ നന്മയെക്കരുതി വീട്ടിൽതന്നെയിരിക്കാനുള്ള ഉപദേശം. ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ സാമൂഹിക ഭ്രഷ്ടിെൻറ മുന്നറിയിപ്പും കൂടിയായതോടെ സംഗതി ക്ലിക്കായി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി, രാജ്യത്തെ ഭീതിയിലാഴ്ത്തി പടരാനൊരുങ്ങിയ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ വിജയകരമായി നടത്തിയ ചെറുത്തുനിൽപുകളിൽ ഈ മൗലവിമാരുടെ സേവനവും പ്രകീർത്തിക്കപ്പെടുകയാണ്.
കോവിഡ് 19 ഹോട്സ്പോട്ടെന്ന അതിഭീതിയിൽനിന്ന് രോഗത്തെ പിടിച്ചുകെട്ടാനാവുമെന്ന ആത്മവിശ്വാസത്തിലേക്ക് ധാരാവി മാറിനടന്നതിനുപിന്നിൽ മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങളുടെ മികവുണ്ട്. സാമുദായിക സംഘടനകൾ ഉൾപെടെ അതിൽ വഹിച്ച പങ്ക് വലുതായിരുന്നുവെന്ന് അധികൃതർ വിലയിരുത്തുന്നു. 'ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ്' എന്നിങ്ങനെ വ്യക്തമായ പദ്ധതി വഴിയാണ് ആശങ്കിച്ച വൻവ്യാപനം തടയാനായത്. ധാരാവി ചേരിയിലെ നിരവധി പള്ളികളിലെ 180 മൗലവിമാരും മൗലാനമാരും ഉൾപെടുന്ന സംഘത്തിെൻറ പ്രവർത്തനം ഈ ചെറുത്തുനിൽപിൽ ഏറെ നിർണായകമായിരുന്നുവെന്ന് 'മുംബൈ മിറർ' റിേപ്പാർട്ട് ചെയ്യുന്നു. കോവിഡ് 19നെക്കുറിച്ച അബദ്ധ ധാരണകൾ തിരുത്താൻ ആഹ്വാനം ചെയ്തതിനൊപ്പം ദുരിതകാലത്ത് പരസ്പരം താങ്ങായി നിൽക്കാനും ശുശ്രൂഷിക്കാനും അവർ ആളുകളെ പ്രേരിപ്പിച്ചു.
കേവലം രണ്ടര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ധാരാവിയിൽ ആറരലക്ഷം പേരാണ് തിങ്ങിത്താമസിക്കുന്നത്. ആളുകളിൽ ബോധവത്കരണം നടത്താനും നിർദേശങ്ങൾ പാലിക്കുന്നതിന് പ്രേരിപ്പിക്കാനും സാമുദായിക നേതാക്കൾക്ക് എളുപ്പം സാധിക്കുമെന്ന കണക്കുകൂട്ടലിനെ തുടർന്നാണ് അധികൃതർ അവരുടെ സഹായം തേടിയത്. ധാരാവിയിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം മുസ്ലിംകളാണ്. ഏപ്രിൽ ഒന്നിന് ലേബർ ക്യാംപിൽ ആദ്യ പൊസിറ്റിവ് കേസ് സ്ഥിരീകരിച്ചതോടെ, മെഹ്റാജ് ഹുസൈെൻറ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ മൗലവിമാരും മൗലാനമാരും യുവ വളണ്ടിയർമാരുമടക്കമുള്ളവരുടെ സഹായം തേടി. സമുദായാംഗങ്ങൾ സ്വയംസന്നദ്ധരായി ബോധവത്കരണത്തിന് രംഗത്തെത്തി. എൻ.ജി.ഒ ആയ ഭാംല ഫൗണ്ടേഷൻ എല്ലാറ്റിനും പിന്തുണ നൽകി കൂടെനിന്നു.
'ഏറ്റവുമധികം ജനസംഖ്യയുള്ള കുംഭാർവാദ, കുത്തിവാദി എന്നിവിടങ്ങളിൽ കോവിഡ് പടരാതെ കാക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം. റമദാൻ, ഈദ്, മുഹർറം തുടങ്ങിയ വേളകളിൽ ജനം പുറത്തിറങ്ങാതെ നോക്കുകയെന്നത് പ്രധാന വെല്ലുവിളിയായി. ജീവിതത്തിലെ നിർണായക തീരുമാനങ്ങൾക്ക് മൗലവിമാരെ ആശ്രയിക്കുന്നവരാണ് ധാരാവിയിൽ കൂടുതൽ പേരും. നിർണായകവേളയിൽ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ തയാറാവണമെന്നും വൈറസിനെ കീഴടക്കാനുള്ള പോരാട്ടത്തിൽ അശ്രദ്ധ പാടില്ലെന്നും മത ഉദ്ബോധനത്തിനൊപ്പം മൗലാനമാർ ഊന്നിപ്പറഞ്ഞപ്പോൾ അവരത് സ്വീകരിച്ചു.' -ഭാംല ഫൗണ്ടേഷൻ സ്ഥാപകനായ ആസിഫ് ഭാംല പറഞ്ഞു.
ചേരിയിലെ വീടുകളിൽ നേരിട്ട് ചെന്നാണ് അവർ ബോധവത്കരണം നടത്തിയത്. സാഹചര്യത്തിനനുസരിച്ച് അവർ തന്ത്രങ്ങൾ മാറ്റി. വീട്ടിലിരിക്കാൻ കൂട്ടാക്കാത്ത ചിലരെ രോഗബാധിതരായി മരിച്ച യുവാക്കളുടെ ഫോട്ടോകൾ കാട്ടി, കാര്യങ്ങൾ പറഞ്ഞുകൊടുത്ത് വഴിക്കുവരുത്തി. നിർദേശങ്ങൾ പാലിക്കാത്തവരെ സാമൂഹികമായി ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പും ഫലിച്ചു. 'ബാങ്കിന് ശേഷം അഞ്ചുമിനിറ്റ് ഞങ്ങൾ മൈക്കിലൂടെ സന്ദേശങ്ങൾ നൽകി. കർഫ്യൂ പാലിക്കാനും കുട്ടികളെ പുറത്തുവിടരുതെന്നും ആവശ്യമുള്ളപ്പോൾ മാത്രം വീട്ടിൽനിന്നിറങ്ങിയാൽ മതിയെന്നും പറഞ്ഞു.' -ധാരാവി ജമാ മസ്ജിദിലെ മൗലാന ഫാറൂഖി ഷെയ്ഖ് പറഞ്ഞു. ആഘോഷവേളകളിൽ ജനം പുറത്തിറങ്ങുന്നത് തടയാൻ വളണ്ടിയർമാർ പഴങ്ങളും ഭക്ഷ്യവസ്തുക്കളും വീടുകളിൽ എത്തിച്ചുകൊടുത്തു.
ഇതൊക്കെ ഫലിച്ചു. മേയിൽ പ്രതിദിനം ശരാശരി 43 പൊസിറ്റിവ് കേസുകളുണ്ടായിരുന്ന ധാരാവിയിൽ പതിയെ രോഗികൾ കുറഞ്ഞുവന്നു. 3239 കേസുകളിൽ 176 രോഗികൾ മാത്രമേ നിലവിൽ ചികിത്സയിലുള്ളൂ. സെപ്റ്റംബർ ആദ്യവാരം വരെ ഈ രീതിയിൽ മൗലാനമാരും മൗലവിമാരും ബോധവത്കരണ രംഗത്തുണ്ടായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ ആളുകൾ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്. നിർദേശങ്ങൾ അവർ അനുസരിക്കുന്നുമുണ്ട്. രോഗികൾ വർധിക്കുന്നപക്ഷം, മതനേതാക്കളെ വീണ്ടും രംഗത്തിറക്കുമെന്ന് മെഹ്റാജ് ഹുസൈൻ പറഞ്ഞു.
കോവിഡ് 19നെ ചെറുക്കുന്നതിൽ മൗലവിമാരും മൗലാനമാരും നിർണായക പങ്കു വഹിച്ചതായി ജി-നോർത്ത് വാർഡ് അസി. കമീഷണർ കിരൺ ധികാവ്കർ പറഞ്ഞു. നേരത്തേ സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനങ്ങളിലും അവർ ഇതേ രീതിയിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുൻപന്തിയിലുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.