ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദി; മെട്രോ സ്റ്റേഷനുകളിലൊന്നിന് മഹാത്മാഗാന്ധിയുടെ പേര് നൽകുമെന്ന് മൗറീഷ്യസ്
text_fieldsന്യൂഡൽഹി: മൗറീഷ്യസിലെ സാമൂഹ്യഭവന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗുനോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി സയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്.
ചടങ്ങിൽ അത്യാധുനിക സിവിൽ സർവിസ് കോളജ്, എട്ട് മെഗാവാട്ട് സോളാർ പി.വി ഫാം എന്നിവക്ക് തറക്കല്ലിടുകയും ചെയ്തു. വിഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങുകൾ.
മൗറീഷ്യസിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി ഇന്ത്യ സഹായം നൽകുന്നതായി പ്രധാനമന്ത്രി അറിയിച്ചു. എട്ട് മെഗാവാട്ട് സൗരോർജ പി.വി ഫാം പ്രൊജക്ട് നടപ്പിലാക്കുന്നതിലൂടെ 13,000 ടൺ കാർബൺഡൈ ഓക്സൈഡ് ബഹിർഗമനം കുറക്കാനാകുമെന്നും ഇതുവഴി മൗറീഷ്യസ് നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക സഹായങ്ങൾക്ക് ഉൾപ്പെടെ മൗറീഷ്യസ് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മെട്രോ എക്സ്പ്രസ് പദ്ധതിയിൽ ഇന്ത്യ നൽകിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തി പ്രധാന മെട്രോ സ്റ്റേഷനുകളിലൊന്നിന് മഹാത്മാഗാന്ധി സ്റ്റേഷൻ എന്ന് പേരിടാൻ തീരുമാനിച്ചതായും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു.
മൗറീഷ്യസ് സർക്കാറിന്റെ അഞ്ച് പദ്ധതികൾക്കായി 2016ൽ പ്രത്യേക സാമ്പത്തിക പാക്കേജായി ഇന്ത്യ 353 മില്യൺ യു.എസ് ഡോളറിന്റെ സഹായം നൽകിയിരുന്നു. മെട്രോ എക്സ്പ്രസ് പദ്ധതി, സുപ്രീംകോടതി കെട്ടിടം, പുതിയ ഇ.എൻ.ടി ആശുപത്രി, പ്രാഥമിക വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ടാബ്ലെറ്റ് വിതരണം, സാമൂഹ്യ ഭവന ദ്ധതി എന്നിവക്കായിരുന്നു ഇന്ത്യയുടെ സാമ്പത്തിക സഹായം. മൗറീഷ്യസിൽ മെട്രോ എക്സ്പ്രസും മറ്റു ചില അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കാൻ 190 മില്ല്യൺ യു.എസ് ഡോളർ സഹായം ദീർഘിപ്പിക്കുന്നതിനും ചെറുകിട വികസന പദ്ധതികൾക്കായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു.
2019ൽ പ്രധാനമന്ത്രിയും മൗറീഷ്യസ് പ്രധാനമന്ത്രിയും സംയുക്തമായി മെട്രോ എക്സ്പ്രസ് പദ്ധതിയും ഇ.എൻ.ടി ആശുപത്രിയും ഉദ്ഘാടനം ചെയ്തിരുന്നു. 2020ൽ സുപ്രീംകോടതി കെട്ടിടവും ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.