പകരം ഭൂമി സ്വീകരിക്കണോ? തീരുമാനം 26നെന്ന് സുന്നി വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: ബാബരി ഭൂമിക്ക് പകരം അയോധ്യയിൽ സുപ്രീംകോടതി അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ നവംബർ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി. ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നവംബർ 26ന് നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു.
ഭൂമി സ്വീകരിക്കരുതെന്ന് ചിലർ പറയുന്നു. മറ്റുചിലർ ഭൂമി സ്വീകരിക്കണമെന്നും പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും പറയുന്നു. ഭൂമി സ്വീകരിക്കുകയാണെങ്കിൽ അത് എങ്ങിനെയാവണമെന്നും, നിബന്ധനകൾ എന്തൊക്കെയാകണമെന്നും തീരുമാനിക്കും -അദ്ദേഹം വ്യക്തമാക്കി. നേരത്തെ നവംബർ 13നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
ബാബരി മസ്ജിദിന്റെ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും രാമേക്ഷത്രനിർമാണത്തിന് കൈമാറണമെന്നും, ബാബരി മസ്ജിദ് തകർത്തതിന് പ്രായശ്ചിത്തമായി അയോധ്യയിൽ അഞ്ച് ഏക്കർ സുന്നി വഖഫ് ബോർഡിന് നൽകണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. നിശ്ചിത സമയപരിധിക്കകം ഇതു കൈമാറണമെന്നാണ് വിധിയിൽ നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.