തെരഞ്ഞെടുപ്പ് കമീഷൻ പാർട്ടിയേയും നേതാക്കളേയും ആക്രമിക്കുന്നു; തുടർന്നാൽ നിയമനടപടിയെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ച് കോൺഗ്രസ് നേതൃത്വം. പാർട്ടിയേയും നേതാക്കളേയും ആക്രമിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നത്. ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിലാണ് കോൺഗ്രസിന്റെ പരാമർശം.
ഹരിയാന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് കത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകിയിരുന്നു. പാർട്ടി നേതൃത്വത്തെ വിമർശിച്ചായിരുന്നു മറുപടി. ഇതിലാണ് കോൺഗ്രസ് വിമർശനം. നിഷ്പക്ഷത ഇല്ലാതാക്കുകയാണ് നിലവിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ലക്ഷ്യം. ആളുകൾക്കിടയിൽ മതിപ്പുണ്ടാക്കാനായി കമീഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കോൺഗ്രസിന്റെ കത്തിൽ പറയുന്നുണ്ട്.
കോൺഗ്രസിന്റെ പരാതിക്ക് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ മറുപടി. ഹരിയാനയിലെ തെരഞ്ഞെടുപ്പ് കുറ്റമറ്റതാണെന്ന് വ്യക്തമാക്കിയ കമീഷൻ ഇത്തരത്തിൽ നിസാരമായ കാര്യങ്ങൾക്ക് പരാതി നൽകുന്നത് ഒഴിവാക്കണമെന്നും കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷൻ സ്വയം ക്ലീൻചിറ്റ് നൽകിയതിൽ അദ്ഭുതമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ ഉപയോഗിച്ച ഭാഷയും സ്വരവും കോൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളും തങ്ങളെ മറുപടി പറയാൻ നിർബന്ധിതരാക്കിയിരിക്കുകയാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് നടപടിയെടുക്കുകയാണ് കമീഷൻ ചെയ്യേണ്ടിയിരുന്നത്. അത് തങ്ങളുടെ കടമയാണെന്നത് തെരഞ്ഞെടുപ്പ് കമീഷൻ മറന്ന് പോയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.