മായാവതിയുടെ ഭ്രമകൽപനകൾ
text_fieldsത്രിശൂലമേന്തിയ മായാവതിയാണ് ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ സ്നാപ് ഷോട്ട്. ക്ഷണിക ഛായാപടമെന്ന് മലയാളം. യു.പി തെരഞ്ഞെടുപ്പു വരാൻ ഇനി ആറു മാസമില്ല. അവിടെ മാത്രമല്ല, പഞ്ചാബ് അടക്കം മറ്റു നാലിടത്തും നിയമസഭ തെരഞ്ഞെടുപ്പു നടക്കണം. തെരഞ്ഞെടുപ്പിൽ തെൻറ കോലം, നിലപാട്, സമീപനമൊക്കെ എന്താവുമെന്ന് വിളിച്ചുപറയുകയാണ് മായാവതി. ബ്രാഹ്മണ വോട്ടുകൾ കഴിവതും സമാഹരിക്കണം. അതാണ് ഇത്തവണ ഉന്നം. ദലിതരുടെ സ്വയം പ്രഖ്യാപിത മിശിഹയാണ്. അതുകൊണ്ട്, ആ വോട്ട് മൊത്തമായി പോരും. അക്കൂട്ടത്തിൽ ബ്രാഹ്മണർ കൂടി ചേർന്നാൽ കസറും. 2007ലെപ്പോലെ മുഖ്യമന്ത്രിയാകാം. ആ സ്വപ്നകവാടത്തിലേക്കുള്ള ഊന്നുവടിയാണ് ത്രിശൂലം.
യു.പിയിൽ ഇപ്പോൾ ഠാകുർമാർക്കും ബ്രാഹ്മണർക്കും തമ്മിൽ കണ്ടുകൂടാ. ഠാകുറായ യോഗി ആദിത്യനാഥ് അധികാരത്തിലേറിയ അന്നു മുതൽ തുടങ്ങിയതാണ് ഠാകുർമാരുടെ അടക്കിവാഴ്ചയും ഈ തമ്മിലടിയും. മെരുക്കാൻ ബി.ജെ.പി പാടുപെടുന്നുണ്ടെങ്കിലും കലിയോടെ തിരുമ്മി ഞെരിക്കുന്ന പൂണൂലിൽനിന്ന് ബ്രാഹ്മണർ പിടിവിട്ടിട്ടില്ല. അവിടെയാണ് മായാവതിയുടെ പ്രതീക്ഷ. ഒപ്പം, സമാജ്വാദി പാർട്ടിക്കും കോൺഗ്രസിനുമൊക്കെയുണ്ട്, ആ വോട്ടുകുംഭത്തിൽ കണ്ണ്. ഇങ്ങനെയൊക്കെയല്ലാതെ, തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കു മുന്നിൽവെക്കാൻ പോന്ന പ്രത്യേക മുദ്രാവാക്യമോ നിലപാടുകളോ മുന്നോട്ടുവെക്കാൻ ഇല്ല തന്നെ.
ബ്രാഹ്മണരുടെ ചെറുസമ്മേളനങ്ങൾ എമ്പാടും സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മായാവതിക്കൊപ്പമുള്ള വിശ്വസ്ത ബ്രാഹ്മണൻ, സതീഷ്ചന്ദ്ര മിശ്ര. അതിനു തുടക്കമിട്ട യോഗത്തിലാണ് മായാവതി ത്രിശൂലം ഉയർത്തിയത്. ത്രിശൂലം നിരോധിത വസ്തുവൊന്നുമല്ല. ആർക്കും ഉയർത്താം. കാവി തറ്റുടുക്കാം. അതുതന്നെ ചെയ്യുകയാണ് മായാവതി. പാലാ മെത്രാനുപോലും ഭ്രമകൽപന മൂത്ത കാലമാണ്. ത്രിശൂലം ഉയർത്തിയ വേദിയിൽ മായാവതി പ്രസംഗിച്ചു. അയോധ്യയിൽ രാമക്ഷേത്രത്തിെൻറ പണിക്ക് സ്പീഡ് പോരാ. ബി.എസ്.പി അധികാരത്തിൽ വന്നാൽ സ്പീഡ് കൂട്ടും. പറ്റിപ്പോയ പിഴവുകളിലൊന്ന് ഏറ്റു പറഞ്ഞിട്ടുമുണ്ട്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോടികൾ മുടക്കി മുട്ടിനു മുട്ടിനു പ്രതിമകൾ വെച്ചത് തെറ്റായിപ്പോയി. ഇനി അതുണ്ടാവില്ല.
ബി.ജെ.പി വെച്ചുനീട്ടിയ പ്ലാവിലക്ക് പിന്നാലെ അജഗണങ്ങൾ പൊയ്പ്പോയി. കാൻഷിറാമിേൻറതല്ല മായാവതിയുടെ ബി.എസ്.പിയെന്ന് യു.പിയിലെ ദലിതർക്ക് തോന്നിപ്പോയിരിക്കാം. കാവിക്കൂട്ടത്തിലേക്ക് ആട്ടിത്തെളിച്ചവർക്ക് പിന്നാലെ പോകാതിരുന്ന നല്ലൊരു പങ്ക് ഇപ്പോൾ ചന്ദ്രശേഖർ ആസാദിനും മറ്റുമൊപ്പമാണ്. അധികാരം പോട്ടെ, അസ്ഥിത്വമെങ്കിലും തിരിച്ചുപിടിക്കേണ്ട തെരഞ്ഞെടുപ്പു വരുന്നത് ഇതിനെല്ലാമിടയിലാണ്. 2007ലെപ്പോലെ ബ്രാഹ്മണരോഷം മുതലാക്കുക തന്നെ മുന്നിലുള്ള വഴി. അന്ന് ബി.ജെ.പിക്കും കോൺഗ്രസിനും കൊടുക്കില്ല, സമാജ്വാദി പാർട്ടിക്ക് കൊടുക്കാൻ വയ്യ എന്ന മട്ടിലായ വോട്ട് ബ്രാഹ്മണർ ദലിത് പാർട്ടിക്ക് കൊടുത്ത് ഇല്ലത്ത് പുണ്യാഹം തളിച്ചു. ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ വോട്ടുകളിൽ ഭൂരിപക്ഷവും പെട്ടിയിൽ വീണപ്പോൾ മായാവതി ജയിച്ചു.
യു.പിയിൽ ബ്രാഹ്മണർ 12 ശതമാനം വരും. എന്നാൽ, അടക്കിഭരിക്കുന്നതിെൻറ കാര്യമെടുത്താൽ 112 ആണ് ശതമാനം. കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അത്രക്കാണ് സ്വാധീനം. അതു കുറഞ്ഞുവരുന്നുവെന്ന പരാതി മാറ്റിയെടുക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതൊന്നും വകവെക്കാതെ കയറൂരി വിട്ട മാതിരിയാണ് യോഗിയുടെ പോക്ക്. പക്ഷേ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഓർക്കാതിരിക്കാൻ മോദി, അമിത് ഷാമാർക്ക് പറ്റില്ല. അമ്പലം പണി അതിെൻറ വഴിക്ക് നടക്കുന്നുണ്ട്. നേരത്തേ തീർത്താൽ 2024ൽ ബി.ജെ.പിയെ വോട്ടർമാർ കൈവിട്ടാലോ? അതുകൊണ്ട്, 2023ൽ ആരാധനക്ക് ക്ഷേത്രം തുറക്കുമെന്നും പണി തീരുന്നത് പക്ഷേ, 2025ൽ മാത്രമാണെന്നുമാണ് പറഞ്ഞുവെച്ചിരിക്കുന്നത്. അന്നേരമാണ് പണിക്ക് സ്പീഡ് പോരെന്ന മായാവതിയുടെ പറച്ചിൽ.
മായാവതിയെ ബി.ജെ.പിക്ക് ഇപ്പോൾ ഭയമില്ല. ഹോർമോൺ പലതു പരീക്ഷിച്ചെങ്കിലും, 10 കൊല്ലമായി മായാവതി മെലിഞ്ഞുണങ്ങുക തന്നെയാണ്. കാവിക്കറുപ്പിൽ മയങ്ങി ബി.ജെ.പി മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ മായാവതി ത്രിശൂലം കൈയിൽ പിടിച്ച് മാടിവിളിച്ചിട്ടു കാര്യമില്ലെന്നാണ് അവരുടെ നിഗമനം. യോഗി ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒഴിച്ചാൽ, വോട്ടർമാർക്ക് അമ്പലത്തിെൻറ മാസ്റ്റർപ്ലാൻ തന്നെ ധാരാളം. പോരാത്തതിന് ഇപ്പോൾ അഫ്ഗാനിസ്താനുമായി. മായാവതിയും സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒന്നിച്ചുനിൽക്കില്ലെന്നു മാത്രമല്ല, ശക്തിയോടെ പരസ്പരം മത്സരിക്കുമെന്ന് മൂന്നു തരം. അങ്ങനെ ചതുഷ്കോണ മത്സരം നടക്കുേമ്പാൾ കോവിഡും പെട്രോളും സിലിണ്ടറുമടക്കം, മുതുകിലെ ജീവിത ദുരിതഭാരം വർധിച്ചതിലുള്ള ജനരോഷമൊന്നും ഏശില്ലെന്നാണ് അവർ കാണുന്നത്. എങ്കിലും ബ്രാഹ്മണ കോപം വെറുതെ സമ്പാദിക്കണോ? ഠാകുർ പക്ഷേ, വകവെക്കുന്നില്ല.
ശൂലമേന്തിയ മായാവതിയല്ല, കലപ്പയേന്തിയ കർഷകരാണ് യഥാർഥത്തിൽ ബി.ജെ.പിക്ക് ഇന്ന് തലവേദന. അവർ വിയർക്കുന്നില്ല, കിതക്കുന്നില്ല. ഒമ്പതു മാസമായിട്ടും ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചു കിടപ്പാണ്. എന്നിട്ടും കാർഷിക പരിഷ്കാരങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറല്ല. കള്ളനോട്ടും ഭീകരതയും ഇല്ലാതാക്കാൻ രായ്ക്കുരാമാനം 500,1000 രൂപ നോട്ടുകൾ പിൻവലിച്ച സർക്കാറാണ്. അക്കാര്യത്തിലെന്നപോലെ ഇക്കാര്യത്തിലുമുണ്ട് കൃത്യമായ ഗുണഭോക്താക്കൾ. കർഷകരോഷം കൊണ്ട് ഭൂമി ഇടിഞ്ഞുവീണാലും വ്യവസായികളെ വിട്ട് കളിയില്ല. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ സമരം ഒന്നുകൂടി ഉഷാറാക്കുകയാണ് കർഷകർ. യു.പിയിലെയും പഞ്ചാബിലെയും കർഷകന് ഒരേ മനസ്സ്.
ജയിക്കാൻ വഴിയില്ലാത്ത പഞ്ചാബിൽ ബി.ജെ.പി തോൽക്കാൻ തയാറാണ്. എന്നാൽ, പഞ്ചാബിലെയും ഹരിയാനയിലെയുമൊെക്ക കർഷകർ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ യു.പിയിലേക്ക് ഇരച്ചുകയറി അവിടത്തെ കർഷകരെ ഇളക്കിവിടുമോ എന്നാണ് ഇപ്പോൾ ശങ്ക. അതിെൻറ എല്ലാ ലക്ഷണങ്ങളും കാണാനുണ്ട്. മുസഫർ നഗറിലെ മഹാപഞ്ചായത്തും ഹരിയാനയിലെ പ്രതിഷേധങ്ങളും അടക്കം, പ്രക്ഷോഭത്തിന് കനംവെക്കുന്നു. പതിവുപോലെ, ജാതിയും മതവും അജണ്ടയുമൊന്നും വിളമ്പിയിട്ടു കാര്യമില്ല. പൗരത്വ പ്രക്ഷോഭം അടക്കം പല സമരങ്ങളെയും അങ്ങനെ പൊളിച്ചടുക്കിയതാണ്. അതിനൊക്കെ അതീതമാണ് കർഷക സമരത്തിെൻറയും സമരക്കാരുടെയും 'ബോഡി ലാംഗ്വേജ്'. അതിൽ കർഷകനേയുള്ളൂ; ഹിന്ദുവും സിഖും പിന്നാക്കക്കാരനുമില്ല. ആ കെട്ടുറപ്പ് പൊളിക്കാനുള്ള ലാംഗ്വേജ് വർഷമൊന്നായിട്ടും കണ്ടുപിടിക്കാൻ കഴിയാതെ പരാജയപ്പെട്ടുനിൽക്കുകയാണ് ബി.ജെ.പി.
ബാക്കിയാവുന്ന ചോദ്യം ഇതാണ്: ദലിത് ജനസമാന്യത്തിെൻറ അവകാശങ്ങൾക്കുവേണ്ടി വാദിച്ച് അവരുടെ നേതാവായ മായാവതിക്കാണോ, ശൂലമേന്തി സവർണ/പിന്നാക്ക വോട്ടു പിടിക്കാൻ നോക്കുന്ന മായാവതിക്കാണോ ശക്തി? അപഭ്രംശങ്ങൾക്കിടയിൽ, ഇന്ത്യയെന്ന ആശയത്തെയും സങ്കൽപത്തെയും ചേർത്തുപിടിക്കേണ്ട നേരത്ത്, ബഹുഭൂരിപക്ഷം ജനസാമാന്യത്തിെൻറ ചിന്താധാരയെ സംശയിച്ച്, ഭ്രമകൽപനകളിലാണ്ടുകിടക്കുന്ന ഓരോ പാർട്ടിക്കും ബാധകമാണ് ഈ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.