നേതൃപദവിയിൽനിന്ന് നീക്കിയതിന് പിന്നാലെ പാർട്ടിയിൽനിന്നും മരുമകനെ പുറത്താക്കി മായാവതി
text_fieldsന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി നേതൃപദവികളിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ ബാഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവിയും മായാവതിയുടെ മരുമകനുമായ ആകാശ് ആനന്ദിനെ പാർട്ടിയിൽനിന്നും പുറത്താക്കി. എക്സിലൂടെയാണ് മായാവതി ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചയാണ് ആകാശ് ആനന്ദിനെ എല്ലാ നേതൃപദവികളിൽനിന്നും നീക്കിയിരുന്നത്. തുടർന്ന് ആകാശിന്‍റെ പിതാവ് ആനന്ദ് കുമാറിനെയും രാജ്യസഭ എം.പി റാംജി ഗൗതമിനെയും ദേശീയ കോർഡിനേറ്റർമാരായി നിയമിക്കുകയും ചെയ്തിരുന്നു. തന്‍റെ ജീവിതകാലത്ത് ഇനി ഒരു പിൻഗാമിയുടെ പേര് താൻ പറയില്ലെന്നും മായാവതി വ്യക്തമാക്കിയിരുന്നു. രണ്ടാം തവണയായിരുന്നു ആകാശിനെ പാർട്ടി നേതൃത്വത്തിൽനിന്ന് പുറത്താക്കിയത്.
2019ലാണ് ആകാശിന് ബി.എസ്.പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. സീതാപൂരിൽ നടത്തിയ പ്രസംഗത്തിൽ വിദ്വേഷ പരാമർശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെ മെയ് ഏഴിന് സ്ഥാനത്തുനിന്ന് നീക്കി. ജൂൺ 23ന് ആകാശ് വീണ്ടും പദവിയിൽ തിരിച്ചെത്തി. ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എം.പി അശോക് സിദ്ധാർഥുമായുള്ള ആകാശിന്റെ ബന്ധമാണ് നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി. സിദ്ധാർഥിന്റെ മകളെയാണ് ആകാശ് വിവാഹം കഴിച്ചത്. സിദ്ധാർഥിന് മകളിലുള്ള സ്വാധീനം ആകാശിലും ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ആകാശിനെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കുന്നതെന്നും മായാവതി അറിയിച്ചിരുന്നു.
പാർട്ടിയുടെ ഈ തീരുമാനം മൂലം എന്‍റെ രാഷ്ട്രീയ ജീവിതം അവസാനിച്ചെന്നാണ് പ്രതിപക്ഷ പാർട്ടിയിലെ ചിലർ കരുതുന്നത്. ബഹുജൻ പ്രസ്ഥാനം ഒരു കരിയറല്ല, കോടിക്കണക്കിന് ദലിതുകളുടെയും ചൂഷിതരുടെയും ദരിദ്രരുടെയും ആത്മാഭിമാനത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്ന് അവർ മനസ്സിലാക്കണം -എന്നാണ് നടപടിക്ക് പിന്നാലെ ആകാശ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.