മായാവതിയുടെ അനന്തരവൻ ബി.എസ്.പിയുടെ അനന്തരാവകാശി
text_fieldsന്യൂഡൽഹി: ബി.എസ്.പി നേതാവ് മായാവതി അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയിൽ തന്റെ ‘അനന്തരാവകാശി’യായി വാഴിച്ചു. മായാവതിക്ക് ശേഷം പാർട്ടിയുടെ നിയന്ത്രണം ആകാശ് ആനന്ദിലാക്കുന്ന തരത്തിൽ ‘ഉത്തരാധികാരി’ (അനന്തരാവകാശി)യായാണ് നിയമനം. മായാവതിയുടെ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് ലണ്ടനിൽനിന്ന് എം.ബി.എ കഴിഞ്ഞ 28കാരനായ ആകാശ് ആനന്ദ്.
ലോക്സഭയിൽ ബി.ജെ.പി നേതാവ് രമേശ് ബിധുരിയുടെ വംശീയാധിക്ഷേപത്തിനിരയായ ഡാനിഷ് അലിയെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിന് പിറ്റേന്നാണ് അനന്തരവനെ പാർട്ടിയുടെ അനന്തരാവകാശിയായി നിയോഗിച്ചത്. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് മായാവതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം ബി.എസ്.പി ഷാജഹാൻപുർ ജില്ല പ്രസിഡന്റ് ഉദയ്വീർ സിങ്ങാണ് ഇക്കാര്യമറിയിച്ചത്. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഒഴികെ രാജ്യമെങ്ങും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ‘അനന്തരാവകാശി’യായ ആകാശിന് മായാവതി നൽകിയതായി ഉദയ്വീർ സിങ് പറഞ്ഞു. ഉത്തർപ്രദേശും ഉത്തരാഖണ്ഡും മായാവതി നോക്കും. അതേസമയം, പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയിൽ ഇത്തരമൊരു തീരുമാനം പരാമർശിച്ചിട്ടില്ല.
2017ൽ 22ാം വയസ്സിൽ ബി.എസ്.പി നേതാക്കൾക്ക് മുമ്പാകെ ആകാശിനെ അവതരിപ്പിച്ചാണ് മായാവതി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ദേശീയ കോഓഡിനേറ്ററാക്കി. 2019ൽ സമാജ്വാദി പാർട്ടിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശേഷമായിരുന്നു ഇത്. പാർട്ടി ഉപാധ്യക്ഷ പദവി താൻ ആകാശിന് നൽകിയെന്നും എന്നാൽ, സ്വജനപക്ഷപാതമായി കാണുമെന്നു പറഞ്ഞ് തിരസ്കരിക്കുകയായിരുന്നുവെന്നും അന്ന് മായാവതി വ്യക്തമാക്കിയിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന ആകാശ് 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവരുടെ സമൂഹ മാധ്യമ ചുമതലയും ഏറ്റെടുത്തു. ഈ വർഷം ‘സർവജൻഹിതായ സർജൻ സുഖായ’ സങ്കൽപ യാത്രയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.