പോപുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ പ്രതികരണവുമായി മായാവതി
text_fieldsലഖ്നോ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)യെ നിരോധിച്ചത് വിവിധ സംസഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണെന്ന് ബി.എസ്.പി അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. "പി.എഫ്.ഐയെയും അതിന്റെ എട്ട് സഹസംഘടനകളെയും നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇത് രാഷ്ട്രീയ ലാഭത്തിനായുള്ള നീക്കമാണ്" -മായാവതി ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയാണ് പോപുലർഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. രാജ്യവ്യാപകമായി തുടർച്ചയായി രണ്ടുതവണ വൻ സന്നാഹത്തോടെ ഇ.ഡിയും എൻ.ഐ.എയും സി.ബി.ഐയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി നേതാക്കളെ അടക്കം അറസ്റ്റ് ചെയ്ത ശേഷമായിരുന്നു നിരോധനം.
ആർ.എസി.എസിനെ നിരോധിക്കാതെ പോപുലർ ഫ്രണ്ടിനെ മാത്രം നിരോധിക്കുന്നതിലെ യുക്തിരാഹിത്യത്തെയും മായാവതി ചൂണ്ടിക്കാട്ടി. "പി.എഫ്.ഐ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെങ്കിൽ അതിന് സമാനമായ നിരവധി സംഘടനകളെ എന്ത് കൊണ്ട് നിരോധിക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആർ.എസ്.എസിനെ നിരോധിക്കാതെ പി.എഫ്.ഐയെ നിരോധിച്ച സർക്കാർ നീക്കം ശരിയായ നടപടിയല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതും അതുകൊണ്ടാണ്'' -മായാവതി ചൂണ്ടിക്കാണിച്ചു.
കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും പി.എഫ്.ഐ നിരോധനത്തിൽ സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. സമാധാനത്തിന് ഭീഷണിയായ ബി.ജെ.പിയുടെ മാതൃസംഘടനയായ ആർഎസ്‌എസിനെയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, സിദ്ധരാമയ്യ ഇത്രയും താഴ്ന്ന നിലവാരത്തിൽ അഭിപ്രായപ്രകടനം നടത്തരുതെന്നും ഈ ആവശ്യം നിർഭാഗ്യകരമാണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.