പ്രതിപക്ഷത്തെ മുൾമുനയിലാക്കി മായാവതി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി.എസ്.പി നേതാവ് മായാവതി കോൺഗ്രസിനെ കൈവിട്ട് മുന്നോട്ടുപോകുന്നത് ദേശീയ തലത്തിൽ പ്രതിപക്ഷ െഎക്യ സാധ്യതകൾക്കിടയിൽ ആശങ്ക വർധിപ്പിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലും മറ്റിടങ്ങളിലും ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യവുമായി യോജിച്ചുനീങ്ങുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് മായാവതി ഇതുവരെ നടത്തിയിട്ടുള്ളത്. അതിനിടയിലാണ് ഛത്തിസ്ഗഢിൽ കോൺഗ്രസ് വിട്ട് ഛത്തിസ്ഗഢ് ജനതാ കോൺഗ്രസ് രൂപവത്കരിച്ച മുൻമുഖ്യമന്ത്രി അജിത് ജോഗിയുമായി മായാവതി സഖ്യം പ്രഖ്യാപിച്ചത്.
കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന പതിവുള്ള ഛത്തിസ്ഗഢിൽ ത്രികോണ പോരാട്ടത്തിെൻറ സാഹചര്യമാണ് ഇതുവഴി രൂപപ്പെട്ടത്. അത് ബി.ജെ.പിക്ക് ഗുണംചെയ്യും. സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ കുരുക്കുള്ള മായാവതി ബി.ജെ.പിയുടെ പലവിധ സമ്മർദങ്ങൾ നേരിടുന്നുവെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടയിലാണ് കോൺഗ്രസിനെ വിട്ട് അജിത് ജോഗിയെ കൂട്ടുപിടിക്കുന്നതെന്നും, ബി.ജെ.പിയുടെ താൽപര്യമാണ് അതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗി 2016ലാണ് പുതിയ പാർട്ടി ഉണ്ടാക്കിയത്. അതിനുശേഷം വരുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഛത്തിസ്ഗഢിലേത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ ബി.ജെ.പി-49, കോൺഗ്രസ്-39, ബി.എസ്.പി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്നതായിരുന്നു സീറ്റ് നില. ബി.എസ്.പിക്ക് നാലര ശതമാനത്തോളം വോട്ടുണ്ട്.
കോൺഗ്രസിനെ തനിച്ചാക്കി അജിത് ജോഗിയുമായുള്ള സീറ്റ്പങ്കിടൽ ധാരണ മായാവതി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. 90ൽ 35 സീറ്റിൽ ബി.എസ്.പിയും ബാക്കി സീറ്റിൽ അജിത് ജോഗിയുടെ പാർട്ടിയും മത്സരിക്കും. മുഖ്യമന്ത്രി സ്ഥാനാർഥി അജിത് ജോഗിയാണെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസിനെ കാത്തുനിൽക്കാതെ മായാവതി 22 സീറ്റിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. 230 സീറ്റിൽ 50 സീറ്റ് ആവശ്യപ്പെടുന്ന മായാവതിക്ക് അതു കൊടുക്കാൻ കോൺഗ്രസ് തയാറല്ല. എങ്കിലും ഒത്തുതീർപ്പിന് പിന്നാമ്പുറ ശ്രമങ്ങൾ തുടരുന്നുണ്ട്.
കേന്ദ്ര ഏജൻസികളെക്കൊണ്ട് മായാവതിയുടെ ശ്വാസംമുട്ടിച്ച് പ്രതിപക്ഷ വിശാലസഖ്യത്തിൽനിന്ന് മാറ്റിനിർത്താൻ ബി.ജെ.പി ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. മിനി പൊതുതെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഛത്തിസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, മണിപ്പൂർ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ നിലപാട് മായാവതി ലോക്സഭ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ യു.പിയിലെ പ്രതിപക്ഷ മോഹങ്ങൾക്ക് അത് വലിയ തിരിച്ചടിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.