ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും; സഖ്യം ഫലം വന്നതിനു ശേഷം ആലോചിക്കാം -ബി.എസ്.പി
text_fieldsലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പി ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മായാവതി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സഖ്യസാധ്യത തള്ളാനും തയാറായില്ല. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.പിയിൽ ഏതെങ്കിലും പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ അത് ബി.എസ്.പിക്ക് ലാഭത്തേക്കാളുപരി നഷ്ടമാണുണ്ടാക്കുകയെന്നും അവർ വിലയിരുത്തി.
വോട്ട് വിഭജിച്ചുപോകും എന്നത് തന്നെ കാരണം. ഞങ്ങളുടെ വോട്ട് കൃത്യമായി സഖ്യത്തിലുള്ള പാർട്ടിക്ക് ലഭിക്കും. എന്നാൽ തിരിച്ച് ഞങ്ങൾക്ക് വോട്ട് ലഭിക്കുകയുമില്ല.അതിനാൽ പാർട്ടി സ്വന്തം നിലക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.-മായാവതി വ്യക്തമാക്കി.
യു.പിയിൽ സംസ്ഥാന, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി, സമാജ് വാദി പാർട്ടിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയിരുന്നു. യു.പിയിലെ 18ാമത് മുഖ്യമന്ത്രിയായ മായാവതിയുടെ 68ാം ജൻമദിനം കൂടിയാണിന്ന്. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ പദ്ധതിയില്ലെന്നും അവർ സൂചിപ്പിച്ചു.
''സംസ്ഥാനത്തെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. അവർക്ക് സർക്കാർ ജോലികൾക്കോ മറ്റ് കാര്യങ്ങൾക്കോ അവസരം ലഭിക്കുന്നില്ല. അവരുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവസാന ശ്വാസം വരെ രാഷ്ട്രീയത്തിലുണ്ടാകും.''-മായാവതി പറഞ്ഞു. ഇൻഡ്യ സഖ്യത്തിൽ ചേരാനും മായാവതി തയാറായിരുന്നില്ല. ഭരണഘടനാ ശിൽപിയായ ബി.ആർ അംബേദ്കറുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാവങ്ങളുടെ പാർട്ടിയാണ് ബി.എസ്.പിയെന്നും ബി.ജെ.പിയെ നേരിടാൻ തങ്ങൾക്കു മാത്രമേ കഴിയുകയുള്ളൂവെന്നും മായാവതി കൂട്ടിച്ചേർത്തു. അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ പങ്കെടുക്കില്ലെന്നും മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.