പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കില്ല; കോൺഗ്രസിനെ ലക്ഷ്യമിട്ട് മായാവതിയുടെ ട്വീറ്റ്
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനുള്ള പദ്ധതികളെ കുറിച്ച് ആലോചിക്കാൻ പ്രതിപക്ഷ പാർട്ടികൾ നാളെ ബിഹാറിലെ പട്നയിൽ സമ്മേളിക്കുകയാണ്. എന്നാൽ സമ്മേളനത്തിൽ ബി.എസ്.പി നേതാവ് മായാവതി പങ്കെടുക്കുന്നില്ല. സമ്മേളനത്തിനു മുന്നോടിയായി ബി.ജെ.പിയെയും കോൺഗ്രസിനെയും ലക്ഷ്യം വെച്ച് മായാവതി ട്വീറ്റ് ചെയ്യുകയും ചെയ്തു. പട്നയിൽ ഹൃദയങ്ങൾ കൂടിച്ചേരുകയല്ല, വെറും കൈകോർക്കൽ മാത്രമാണ് നടക്കുക എന്ന് മായാവതി ആരോപിച്ചു.
''രാജ്യം പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പിന്നാക്കാവസ്ഥ, നിരക്ഷരത, വംശീയ വിദ്വേഷം, കലാപം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ബാബാ സാഹിബ് അംബേദ്കർ രൂപപ്പെടുത്തിയ മാനവിക സമത്വ ഭരണഘടന നടപ്പാക്കാൻ കോൺഗ്രസും ബി.ജെ.പിയും പോലുള്ള പാർട്ടികൾക്ക് കഴിയുന്നില്ലെന്ന് ബഹുജനങ്ങളുടെ അവസ്ഥയിൽ നിന്ന് വ്യക്തമാണെന്നും മായാവതി പറഞ്ഞു.
അത്തരം യോഗങ്ങൾക്ക് പകരം, ജനങ്ങൾക്ക് ഈ പാർട്ടികളിൽ വിശ്വാസമുണ്ടോ എന്ന് തിരിച്ചറിഞ്ഞാൽ മതിയായിരുന്നു. വ്യാജ മുഖസ്തുതിയും ഹിഡൻ അജണ്ടകളും എത്ര കാലം നിലനിൽക്കും?-എന്നും മായാവതി ട്വീറ്റ് ചെയ്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പട്നയിൽ പ്രതിപക്ഷ പാർട്ടികൾ സമ്മേളിക്കുന്നത്. ബി.എസ്.പിയെയും നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയെയും കെ. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസിനെയും സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് ബിഹാർ നേതാക്കൾ പറയുന്നത്. ബി.ജെ.പിയുമായും കോൺഗ്രസുമായും ഈ പാർട്ടികൾ സമദൂരം പാലിക്കുന്നുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ ബി.ജെ.പിക്കാണ് പിന്തുണ നൽകാറുള്ളതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിതീഷ് കുമാർ മായാവതി ഒഴികെയുള്ള നേതാക്കളെ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.