ബി.ജെ.പിക്കെതിരെ ശത്രുക്കൾ ഒന്നിക്കുന്നു; ഉപതെരഞ്ഞെടുപ്പിൽ എസ്.പിക്ക് ബി.എസ്.പി പിന്തുണ
text_fieldsന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ ചരിത്രത്തിലാദ്യമായി ഉത്തർപ്രദേശിലെ ബദ്ധവൈരിയായ സമാജ്വാദി പാർട്ടിയുമായി ഉപതെരഞ്ഞെടുപ്പിലും രാജ്യസഭ തെരഞ്ഞെടുപ്പിലും സീറ്റ് ധാരണയിലേർപ്പെടാൻ ബി.എസ്.പി നേതാവ് മായാവതി തീരുമാനിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനും ബി.എസ്.പി നേതാവ് മായാവതിക്ക് വീണ്ടും രാജ്യസഭയിലെത്താനും വേണ്ടിയുണ്ടാക്കിയ ധാരണ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിെയ ഒരുമിച്ച് നേരിടുന്നതിന് വഴിയൊരുക്കിയേക്കും.
തെരഞ്ഞെടുപ്പുകളിൽ ഒരു കാലത്തും ഒരിടത്തും സഖ്യമോ ധാരണയോ ഉണ്ടാക്കാത്ത ബി.എസ്.പി ഉപ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ല. അതേസമയം, ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിക്കാനും മായാവതി തയാറാകാറില്ല. അതിന് വിരുദ്ധമായാണ് ഫൂൽപൂരിലും ഗോരഖ്പൂരിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥികെള പിന്തുണക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്.
ബി.എസ്.പി നേതാവ് ഗ്യാൻ ശ്യാം ഖർവർ ആണ് ധാരണ ആദ്യമായി അറിയിച്ചത്. ഇത് സഖ്യമാണെന്ന മാധ്യമവാർത്തകൾ വന്നതോടെ മായാവതിതന്നെ രംഗത്തുവന്ന് ഇപ്പോൾ ഇരു കക്ഷികളും തമ്മിൽ ധാരണ മാത്രമാണെന്നും സഖ്യമുണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
ഫൂൽപൂരിലെയും ഗോരഖ്പൂരിലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി സമാജ്വാദി പാർട്ടിയെ പിന്തുണക്കുമെന്നും വലിയൊരു മതേതര സഖ്യം ലക്ഷ്യമിട്ടാണിതെന്നും ഖാർവർ ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിയായി കേശവ് പ്രസാദ് മൗര്യയും സ്ഥാനമേറ്റതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാർച്ച് 11നാണ് തെരഞ്ഞെടുപ്പ്.
യോഗി ആദിത്യനാഥ് തുടർച്ചയായി അഞ്ചു തവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഗോരഖ്പൂർ. ഫൂൽപൂരിലാകെട്ട കഴിഞ്ഞ തവണ മോദി തരംഗത്തിൽ ആദ്യമായാണ് ബി.ജെ.പി സ്ഥാനാർഥി ജയിക്കുന്നത്. ജവഹർലാൽ നെഹ്റു മുമ്പ് മത്സരിച്ചിട്ടുള്ള ഫൂൽപൂർ മണ്ഡലം പിന്നീട് ബി.എസ്.പി കോട്ടയായാണ് അറിയപ്പെട്ടത്. താൽക്കാലിക ധാരണ സഖ്യമാണെന്ന തരത്തിൽ വാർത്തകൾ വന്നതോടെ മാധ്യമങ്ങളെ കണ്ട മായാവതി 2019ലെ തെരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യമുണ്ടെന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. ഫൂൽപൂരിലും ഗോരഖ്പൂരിലും അവരുടെ സ്ഥാനാർഥിക്ക് വോട്ടുചെയ്യുന്നതിന് പകരമായി സമാജ്വാദി പാർട്ടി ബി.എസ്.പിയുടെ രാജ്യസഭാ സ്ഥാനാർഥിക്ക് വോട്ടുചെയ്യുമെന്ന് മായാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.