കശ്മീർ: കൊല്ലപ്പെട്ടവരിൽ മിക്കവരും പ്രദേശവാസികൾ
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിൽ കഴിഞ്ഞദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 13 പേരിൽ 10 പേരും പ്രദേശവാസികളായ ചെറുപ്പക്കാരെന്ന് അധികൃതർ. അഞ്ചുമാസമായി സുരക്ഷാഏജൻസികൾ നടത്തിയ ആസൂത്രണത്തിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്.
കൊല്ലപ്പെട്ടവരിൽ മിക്കവരും ഷോപിയാൻ ജില്ലയിൽനിന്നുള്ളവരാണെന്നാണ് സൂചന. ഒരു വർഷത്തിനിടെ തീവ്രവാദസംഘടനകളിൽ അംഗങ്ങളായവരാണിവർ.
2015 സെപ്റ്റംബറിൽ സംഘടനയിൽ ചേർന്ന ഇഷ്വാക് അഹമദ് തോക്കർ ആണ് ഇതിൽ മുതിർന്നയാൾ.
കൊല്ലപ്പെട്ട യുവാക്കളിൽ അധികപേരും 2017 ലും 18 ലുമായി തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരാണെന്നാണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ ‘വഴിെതറ്റി’യവരെ തിരിച്ചുവിളിക്കാനും ഭീകരപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാനും നിർബന്ധിക്കണമെന്ന് ബന്ധപ്പെട്ടവരുടെ മാതാപിതാക്കളോട് ഡി.ജി.പി എസ്.പി. വെയ്ദ് ആവശ്യപ്പെട്ടു. യുവാക്കളുടെ ജീവൻ നഷ്ടമാവുന്നത് വേദനയുളവാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2018 ജൂലൈ എട്ടിന് ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി സൈനികനടപടിയെ തുടർന്ന് കൊല്ലപ്പെട്ടശേഷം പ്രദേശത്തുനിന്ന് 50 ലധികം യുവാക്കളെ കാണാതായെന്നും ഇവർ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്നതായി സംശയിക്കുന്നുവെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു.
അതിനിടെ വിഘടനവാദികൾ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ പണിമുടക്ക് നേരിടാൻ അധികൃതൻ കടുത്ത നടപടികൾ തുടങ്ങി. സയ്യിദ് ഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവരടങ്ങിയ വിമത നേതാക്കൾ ജനങ്ങളോട് കടകൾ അടച്ചിടാനും മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാനും ആഹ്വാനം ചെയ്തു. ഇതേതുടർന്ന് ഗീലാനിയെയും മീർവാഇസിനെയും സൈന്യം വീട്ടുതടങ്കലിലാക്കി.
തീവ്രവാദികളെ സൈന്യം വധിച്ചതിൽ പ്രതിഷേധിച്ച് ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ താഴ്വരയിൽ പലയിടത്തും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീനഗറിലും ഷോപിയാൻ, കുൽഗാം ജില്ലകളിലും മധ്യകശ്മീരിലും 144ാം വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചതിനുപുറമെ ജനങ്ങൾ കൂടിനിൽക്കുന്നതിനും ആയുധങ്ങൾ കൈവശം വെക്കുന്നതിനും വിലക്കുണ്ട്. മറ്റ് ചിലയിടങ്ങളിൽ സൈന്യത്തിെൻറ നേതൃത്വത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പലയിടത്തും മൊബൈൽ- ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.