മൈസൂരുവിലെ കോൺഗ്രസ്–ജെ.ഡി.എസ് സഖ്യ വിവാദം പുകയുന്നു
text_fieldsബംഗളൂരു: മൈസൂരു സിറ്റി കോർപറേഷനിൽ ബി.ജെ.പിയെ ഭരണത്തിൽനിന്നകറ്റാൻ ജെ.ഡി.എസിന് മേയർ സ്ഥാനം വിട്ടുനൽകിയതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ വിവാദം പുകയുന്നു. ഇതേചൊല്ലി നേതാക്കൾ രണ്ടു തട്ടിലായിരിക്കെ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ മൈസൂരു ജില്ല കോൺഗ്രസ് നേതൃത്വത്തിൽനിന്ന് വിശദീകരണം തേടി.
ഏതു സാഹചര്യത്തിലാണ് ജെ.ഡി.എസിന് മേയർ സ്ഥാനം നൽകിയതെന്നതു സംബന്ധിച്ച് വിശദമായ മറുപടി നൽകാനാണ് നിർദേശം. ജെ.ഡി-എസുമായുള്ള ധാരണ പ്രകാരം ഇത്തവണ കോൺഗ്രസിനാണ് മേയർ സ്ഥാനത്തിന് അർഹത എന്നിരിക്കെ ധാരണ അട്ടിമറിക്കപ്പെടുകയായിരുന്നെന്ന വിലയിരുത്തലിലാണ് കെ.പി.സി.സി നേതൃത്വം.
ബുധനാഴ്ചയായിരുന്നു മൈസൂരു സിറ്റി കോർപറേഷനിലെ മേയർ, ഡെപ്യുട്ടി മേയർ തെരഞ്ഞെടുപ്പ്. മേയറായി ജെ.ഡി-എസിലെ രുക്മിണി മാതേഗൗഡയും െഡപ്യൂട്ടി മേയറായി കോൺഗ്രസിലെ അൻവർ ബെയ്ഗുമാണ് തെരെഞ്ഞടുക്കപ്പെട്ടത്. എന്നാൽ, 2018ൽ കോൺഗ്രസും ജെ.ഡി-എസും തമ്മിലുണ്ടാക്കിയ ധാരണ മറികടന്നായിരുന്നു പുതിയ നീക്കുപോക്ക്. 'ജെ.ഡി-എസ് ഇത്തവണ ഞങ്ങൾക്കായിരുന്നു മേയർ സ്ഥാനം നൽകേണ്ടിയിരുന്നത്. അവരത് ചെയ്തില്ല. അവർ വാക്കുപാലിക്കേണ്ടിയിരുന്നു.
എന്തുെകാണ്ടാണ് ജെ.ഡി-എസ് വാക്കുമാറിയെതന്ന് തനിക്കറില്ല- ഡി.കെ. ശിവകുമാർ പറഞ്ഞു. മൈസൂരു കോൺഗ്രസിെൻറ ചുമതലയുള്ള ധ്രുവ് നാരായണിനോട് വിശദീകണം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറായി കഴിഞ്ഞയാഴ്ചയാണ് ധ്രുവ് നാരായൺ ചുമതലയേറ്റത്.
കഴിഞ്ഞദിവസം കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യയുെട വസതിയിൽ ചേർന്ന നേതൃയോഗത്തിൽ മൈസൂരു കോർപറേഷനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് കെ.പി.സി.സി അധ്യക്ഷനെ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. ജെ.ഡി-എസുമായി കൈകോർക്കാനിടയായ സാഹചര്യം വ്യക്തമാക്കണമെന്ന് മുൻ സ്പീക്കർ കെ.ആർ. രമേശ് കുമാർ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടു. മൈസൂരുവിലെ സംഭവവികാസങ്ങൾ ഏറെ വേദനിപ്പിച്ചെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ബി.ജെ.പിയെ ഭരണത്തിൽനിന്നകറ്റാൻ എം.എൽ.എ തൻവീർസേട്ട് അടക്കമുള്ള പ്രാദേശിക നേതാക്കളാണ് തീരുമാനത്തിന് പിന്നിലെന്ന് ഡി.കെ. ശിവകുമാർ വെളിപ്പെടുത്തിയതോടെ, പാർട്ടി സംസ്ഥാന അധ്യക്ഷനോ നിയമസഭ കക്ഷി നേതാവോ പോലും അറിയാതെ പ്രാദേശിക നേതാക്കൾ എങ്ങനെയാണ് ഇത്ര നിർണായക തീരുമാനം കൈക്കൊണ്ടതെന്നായി യോഗത്തിലുയർന്ന ചോദ്യം.
കോൺഗ്രസിനും ജെ.ഡി-എസിനും ബി.ജെ.പിക്കും മൈസൂരു സിറ്റി കോർപറേഷനിൽ ഭൂരിപക്ഷമില്ലെന്നതാണ് സ്ഥിതി. ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മേയർ തെരെഞ്ഞടുപ്പിൽ ജെ.ഡി-എസ് തനിച്ചു മത്സരിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിക്കുകയും സ്ഥാനാർഥികളെ നിർത്തുകയും ചെയ്തിരുന്നു. കോൺഗ്രസും ബി.ജെ.പിയും തങ്ങളുടെ സ്ഥാനാർഥികളെയും രംഗത്തിറക്കിയതോടെ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി.
ജെ.ഡി-എസുമായി സഖ്യം തീർക്കാൻ ബി.ജെ.പി അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും മേയർ പദവി വിട്ടുനൽകിയാൽ സഖ്യമാവാമെന്നായിരുന്നു ജെ.ഡി-എസ് നിലപാട്. ബുധനാഴ്ച നടന്ന തെരെഞ്ഞടുപ്പിൽ മേയർ പദവി ത്യജിക്കാൻ കോൺഗ്രസ് തയാറായതോടെ ജെ.ഡി-എസുമായുള്ള നീക്കുപോക്കിന് കളമൊരുങ്ങുകയായിരുന്നു.
എന്നാൽ, കോൺഗ്രസ് നിയമസഭ കക്ഷി നേതാവും ജെ.ഡി-എസിെൻറ വിമർശകനുമായ സിദ്ധരാമയ്യയുടെ തട്ടകമായ മൈസൂരുവിൽ ജെ.ഡി-എസിനായി മേയർ പദവി ത്യജിച്ചത് കോൺഗ്രസിലെ സിദ്ധരാമയ്യ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഡി.കെ. ശിവകുമാറിെൻറ അറിവോടെയാണ് ഇൗ നീക്കുപോക്ക് നടന്നതെന്നാണ് അവരുടെ ആരോപണം.
പ്രതിഷേധവുമായി തൻവീർ സേട്ടിെൻറ അനുയായികൾ
ബംഗളൂരു: മൈസൂരു സിറ്റി കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് കോൺഗ്രസിനുള്ളിൽ തിരികൊളുത്തിയ കലഹം ഏറ്റുപിടിച്ച് അണികൾ. മൈസൂരുവിലെ എം.എൽ.എ തൻവീർ സേട്ടിെൻറ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജെ.ഡി-എസ് സഖ്യത്തിെൻറ പേരിൽ തൻവീർ സേട്ടിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെന്ന വാർത്തയാണ് അനുയായികളെ ചൊടിപ്പിച്ചത്. എം.എൽ.എയുടെ വീടിനുമുന്നിൽ തടിച്ചുകൂടിയ അണികൾ സിദ്ധരാമയ്യക്കും മറ്റു കോൺഗ്രസ് നേതാക്കൾക്കുമെതിരെ മുദ്രാവാക്യം മുഴക്കി.
മേയർ തെരഞ്ഞെടുപ്പിലെ നീക്കുപോക്കിന് പിന്നിൽ മൈസൂരുവിലെ പല നേതാക്കളുമുണ്ടെന്നും സ്ഥലം എം.എൽ.എ എന്ന നിലയിൽ സേട്ടിന് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നുമായിരുന്നു പ്രതിഷേധക്കാരുെട വാദം. വിഷയത്തിൽ തനിക്ക് ഇതുവരെ പാർട്ടി നേതൃത്വത്തിൽനിന്നും നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്ന് തൻവീർ സേട്ട് എം.എൽ.എ പ്രതികരിച്ചു.
പാർട്ടി താൽപര്യം മുൻനിർത്തിയാണ് ജെ.ഡി-എസുമായുള്ള സഖ്യം തീരുമാനിച്ചത്. പാർട്ടിയുടെ നിരീക്ഷകനായി ധ്രുവ് നാരായണ അവിെടയുണ്ടായിരുന്നു. മേയർ സ്ഥാനം തങ്ങൾക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ അത് ത്യജിക്കേണ്ടി വന്നു. പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചാൽ വ്യക്തമായ മറുപടി നൽകുമെന്നും തൻവീർ സേട്ട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.