എം.ബി.ബി.എസ് ഹിന്ദിയിൽ തുടർപഠനത്തെ ബാധിക്കുമെന്ന് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാറിന്റെ തീരുമാനം ഗ്രാമീണ വിദ്യാർഥികളെ തുടക്കത്തിൽ സഹായിച്ചേക്കാമെങ്കിലും അവരുടെ തുടർപഠനത്തിനും അറിവിനുമുള്ള സാധ്യതകൾ കുറക്കുമെന്ന് ഡോക്ടർമാർ.
മധ്യപ്രദേശ് സർക്കാറിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമായി ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ട് ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥികൾക്കായി ഹിന്ദിയിൽ മൂന്ന് വിഷയങ്ങളുടെ പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു. രാജ്യത്തെ മറ്റ് എട്ട് ഭാഷകളിൽ സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും ഷാ പറഞ്ഞിരുന്നു.
വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കുമെന്നാണ് വാദമെങ്കിലും അത് അവരുടെ വളർച്ചയെ തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ ദേശീയ പ്രസിഡന്റ് ഡോ. ജെ.എ. ജയലാൽ പറഞ്ഞു. പാഠപുസ്തകങ്ങളിലൂടെ മാത്രം മെഡിക്കൽ വിദ്യാഭ്യാസം പഠിപ്പിക്കാനാകില്ല. അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും ലേഖനങ്ങളും വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ഭാഷകളിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിന് പകരം അടിസ്ഥാനസൗകര്യങ്ങളും സ്കൂൾ വിദ്യാഭ്യാസവും മെച്ചപ്പെടുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഐ.എം.എ-ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്ക് ദേശീയ സെക്രട്ടറി ഡോ. കരൺ ജുനേജ പറഞ്ഞു. പ്രാദേശിക ഭാഷയിൽ പരിശീലനം നേടിയ ഡോക്ടർമാർക്ക് സ്വയം നവീകരിക്കാൻ കഴിയില്ലെന്ന് ന്യൂഡൽഹി എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജസ്വന്ത് ജംഗ്ര പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.