എം.ബി.ബി.എസ് ഒമ്പതുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം; ദേശീയ മെഡിക്കൽ കമീഷൻ പുതിയ വ്യവസ്ഥകൾ പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: എം.ബി.ബി.എസ് കോഴ്സിന് ചേരുന്നവർ പ്രവേശന തീയതി മുതൽ ഒമ്പതുവർഷത്തിനുള്ളിൽ കോഴ്സ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി). ഒന്നാംവർഷ പരീക്ഷ പാസ്സാകാൻ നാല് അവസരങ്ങൾ മാത്രമാണ് ലഭിക്കുകയെന്നും കമീഷൻ പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകളിൽ പറയുന്നു.
നീറ്റ് യു.ജി മെറിറ്റ് ലിസ്റ്റിെന്റ അടിസ്ഥാനത്തിൽ രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളജുകളിലേക്കും പ്രവേശനത്തിന് പൊതു കൗൺസലിങ് ഏർപ്പെടുത്തുമെന്നും ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ റെഗുലേഷൻസ് 2023 വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിലേക്കും എയിംസ്, ജിപ്മെർ, കൽപിത, കേന്ദ്ര സർവകലാശാലകളിലെ മുഴുവൻ സീറ്റിലേക്കും എൻ.എം.സിയാണ് പ്രവേശനം നടത്തുന്നത്. സർക്കാർ, സ്വാശ്രയ കോളജുകളിലെ ബാക്കി 85 ശതമാനം സീറ്റും പ്രവേശനം നടത്തുന്നത് സംസ്ഥാന സർക്കാറിന് കീഴിലുള്ള ഏജൻസികളാണ്. ഇനി മുഴുവൻ സീറ്റുകളിലേക്കും എൻ.എം.സിയായിരിക്കും പ്രവേശനം നടത്തുക.
ഒന്നാംവർഷ എം.ബി.ബി.എസ് പരീക്ഷ എഴുതാൻ ഒരു കാരണവശാലും വിദ്യാർഥികൾക്ക് നാലിൽ കൂടുതൽ അവസരം നൽകില്ല. പ്രവേശനം നേടി ഒമ്പതുവർഷത്തിനു മുകളിൽ കോഴ്സ് തുടരാനും അനുവദിക്കില്ല. എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം നേടുന്ന വിദ്യാർഥി മെഡിക്കൽ ഇേന്റൺഷിപ് പൂർത്തിയാക്കുന്നതുവരെ ബിരുദപഠനം പൂർത്തിയാക്കിയതായി കണക്കാക്കില്ല.
മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് പൊതു കൗൺസലിങ്ങിനുള്ള മാർഗനിർദേശങ്ങൾ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് പ്രസിദ്ധീകരിക്കും. കൗൺസലിങ് നടത്തുന്നതിനുള്ള അതോറിറ്റിയെ സർക്കാർ നിയമിക്കും. പുതിയ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.