എം.ബി.ബി.എസ് വിദ്യാർഥിനിയുടെ കൊലപാതകം: മൃതദേഹം തേടി പൊലീസ്
text_fieldsമുംബൈ: മുബൈയിലെ എം.ബി.ബി.എസ് വിദ്യാർഥിനിയുടെ കൊലപാതകത്തിൽ മൃതദേഹം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി മുംബൈ ക്രൈം ബ്രാഞ്ച്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ യൂനിറ്റ് 9 പരിശോധന നടത്തുന്നത്. 2021 നവംബറിൽ നടന്ന കൊലപാതകത്തിൽ കേസിനെ ശക്തിപ്പെടുത്തുന്നതിന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് കോടതിയിൽ സഹായകമാവുമെന്നാണ് പ്രതീക്ഷ.
കേസിലെ പ്രതി മിത്തു സിങ്ങിന്റെ ബാന്ദ്രയിലെ വീടും പരിസരവും കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചു. പത്ത് പൊലീസുകാരുടെ സംഘം രണ്ട് മണിക്കൂറിലധികം സമയമെടുത്ത് പൂന്തോട്ടം കുഴിച്ച് പരിശോധിച്ചതായാണ് വിവരം. 22 കാരിയായ സ്വാദിച്ച സാനെയെ കൊലപ്പെടുത്തി മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. തുടർന്ന് കടലിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും ശ്രമം വിഫലമായിരുന്നു.
താജ് ലാൻഡ് എന്റ് ഹോട്ടലിന്റെ ഡ്രൈനേജ് അവസാനിക്കുന്ന കടൽ ഭാഗത്തായി മൃതദേഹം ഉപേക്ഷിച്ചതായും ഈ പ്രദേശത്ത് മീനുകൾ ധാരാളമുള്ളതിനാൽ മൃതദേഹം അവ ഭക്ഷിച്ചിരിക്കാം എന്നും പ്രതി മൊഴിയിൽ പറയുന്നുണ്ട്. ഗൂഗിൾ ഫോട്ടോയുടെയും ലൊക്കേഷന്റെയും അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
2021 നവംബറിൽ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന പരാതിയിൽ ബാന്ദ്ര പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് മിത്തു സിങ്ങിനെയും ബാല്യകാല സുഹൃത്ത് അബ്ദുൽ ജബ്ബാർ അൻസാരിയേയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കടലിലോ ബാന്റ്സ്റ്റാന്റ് പരിസരത്തോ സംസ്കരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.