എൽ.ടി.ടി.ഇ അനുകൂല പ്രസംഗം: വൈക്കോക്ക് ഒരു വർഷം തടവുശിക്ഷ
text_fieldsചെന്നൈ: രാജ്യദ്രോഹ കേസിൽ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറൽ സെക്രട്ടറി വി. ഗോപാലസ്വാമി എന്ന വൈക്കോക്ക് ഒരു വർഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ച് ചെന്നൈ പ്രത്യേക കോടതി. നിരോധിത സംഘടനയായ എൽ.ടി.ടി.ഇക്ക് അനുകൂലമായും കേന്ദ്ര സർക്കാറിന് എതിരായും പ്രസംഗിച്ചതിനാണ് ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ് രത്യേക കോടതി ജഡ്ജി ജെ. ശാന്തി ശിക്ഷ പ്രഖ്യാപിച്ചത്.
2008ൽ ചെന്നൈ രാജ അണ്ണാമല ഹാളിൽ നടന്ന വൈക്കോയുടെ ശ്രീലങ്കൻ തമിഴ് വംശജരുടെ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന ‘നാൻ കുറ്റ്റം സാട്ടുകിറേൻ’ (ഞാൻ കുറ്റം ചുമത്തുന്നു) എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് വിവാദ പരാമർശം നടത്തിയത്. ശ്രീലങ്കയിൽ എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാത്തപക്ഷം ഇന്ത്യ അഖണ്ഡ രാജ്യമായി തുടരില്ലെന്നായിരുന്നു വൈക്കോയുടെ പരാമർശം.
ഇൗ കാലയളവിൽ കേന്ദ്രത്തിൽ യു.പി.എ സർക്കാറും തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാറുമാണ് ഭരിച്ചിരുന്നത്. പ്രസംഗം വിവാദമായതോടെയാണ് വൈക്കോക്കെതിരെ സെക്ഷൻ ‘124 എ’ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി ചെന്നൈ ആയിരംവിളക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ തുക കെട്ടിവെച്ച വൈക്കോക്ക് അപ്പീൽ ഹരജി സമർപ്പിക്കുന്നതിനുവേണ്ടി ശിക്ഷ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ കോടതി ഉത്തരവിട്ടു.
ജൂലൈ 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണി സ്ഥാനാർഥിയായി വൈക്കോ ശനിയാഴ്ച പത്രിക സമർപ്പിക്കാനിരിക്കെയാണ് കോടതിവിധി. തടവുശിക്ഷ രണ്ടു വർഷത്തിൽ കുറവാണെങ്കിലും രാജ്യദ്രോഹ കേസിൽ കോടതി ശിക്ഷിച്ചനിലയിൽ വൈക്കോയുടെ നാമനിർദേശപത്രിക സ്വീകരിക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. 2002ൽ ജയലളിത സർക്കാറും പോട്ട നിയമപ്രകാരം വൈക്കോയെ ഒന്നര വർഷക്കാലം ജയിലിലടച്ചിരുന്നു.
വിധിപ്രസ്താവത്തിനുശേഷം കോടതിയിൽനിന്ന് പുറത്തിറങ്ങിയ വൈക്കോ തെൻറ ജീവിതത്തിൽ സന്തോഷപ്രദമായ ദിനമാണിതെന്നും എൽ.ടി.ടി.ഇ അനുകൂല നിലപാട് തുടരുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.