പക്ഷപാതപരവും രാജ്യത്തിന്‍റെ സാമൂഹിക ഘടനയെക്കുറിച്ച് മനസ്സിലാക്കാത്തതും; യു.എസ് മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ വിമർശിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. പക്ഷപാതപരവും രാജ്യത്തിന്‍റെ സാമൂഹിക ഘടനയെക്കുറിച്ച് മനസ്സിലാക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
റിപ്പോർട്ട് പൂർണമായും തള്ളിക്കളഞ്ഞ അദ്ദേഹം, അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് റിപ്പേർട്ട് തയാറാക്കിയതെന്നും കുറ്റപ്പടുത്തി. ഇന്ത്യയെ വിമർശിക്കുന്ന വാർഷിക മതസ്വാതന്ത്ര്യ റിപ്പോർട്ട് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. “മതപരിവർത്തനനിരോധന നിയമങ്ങളും വിദ്വേഷപ്രസംഗങ്ങളും ന്യൂനപക്ഷസമുദായങ്ങളുടെ വീടും ആരാധനാലയങ്ങളും തകർക്കലും ആശങ്കാകരമാംവിധം ഇന്ത്യയിൽ വർധിക്കുക”യാണെന്ന് ബ്ലിങ്കൻ പറഞ്ഞിരുന്നു.
ആക്ഷേപങ്ങൾ കുത്തിനിറച്ചും തെറ്റായ വസ്തുതകളെയും പക്ഷപാതപരമായ ഉറവിടങ്ങളെയും ആശ്രയിച്ചും പ്രശ്നങ്ങളുടെ ഒരുഭാഗം മാത്രം കേട്ടുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് രൺധീർ പറഞ്ഞു. ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ കഴിഞ്ഞവർഷം മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഉന്നയിച്ചതായി വാർഷിക റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിലും മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കി.
നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങളുടെ അടിസ്ഥാനത്തിൽ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്തു. ഇതിൽ ചിലത് ന്യൂനപക്ഷ സമുദായാംഗങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനായിരുന്നുവെന്ന് മതസംഘടനകൾ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷവും ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോർട്ട് അമേരിക്ക പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.