പാക് ചാര വനിതക്ക് വിവരങ്ങൾ കൈമാറി; വിദേശകാര്യ മന്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പാക് ചാര വനിതക്ക് രഹസ്യവിവരങ്ങൾ കൈമാറിയ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറെ അറസ്റ്റിലായി ആഴ്ചകൾക്ക് ശേഷം സമാന സംഭവത്തിൽ വീണ്ടും അറസ്റ്റ്. ഇത്തവണ അറസ്റ്റിലായത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനായ നവീൻ പാൽ എന്നയാളാണ്.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ രഹസ്യരേഖകൾ ഇയാൾ പാകിസ്താന് കൈമാറാറുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അഞ്ജലി എന്ന വനിത ഐ.എസ്.ഐ ഏജന്‍റിന് വാട്ട്‌സ്ആപ് വഴി അയക്കുകയായിരുന്നു.
യുവതി നവീനിനെ ഹണി ട്രാപ്പിൽ വീഴ്ത്തിയാണ് വാട്ട്‌സ്ആപ്പ് വഴി രേഖകൾ നേടിയെടുത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ചൊവ്വാഴ്ച ഗാസിയാബാദ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്റലിജൻസ് ബ്യൂറോ ഉൾപ്പെടെ ഒന്നിലധികം സുരക്ഷാ, അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്.
മേയ് മൂന്നിനാണ് ചാരവൃത്തി കേസിൽ ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽകർ അറസ്റ്റിലായത്. ഇയാൾ ഇന്ത്യയുടെ മിസൈൽ, ഡ്രോൺ, റോബോട്ടിക്സ് പദ്ധതികൾ എന്നിവ സംബന്ധിച്ച തന്ത്രപ്രധാന വിവരങ്ങൾ പാക് വനിതക്ക് ചോർത്തി നൽകിയതായാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയത്. പാക് ഇന്റലിജൻസുമായി ബന്ധമുള്ള വനിതക്കാണ് പ്രദീപ് കുരുൽകർ വിവരങ്ങൾ ചോർത്തിയത്. ഡി.ആർ.ഡി.ഒയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറായിരുന്നു 60 കാരനായ കുരുൽകർ. സാറ ദാസ് ഗുപ്ത എന്ന സമൂഹ മാധ്യമ അക്കൗണ്ടിൽ നടത്തിയ ചാറ്റ് വഴിയാണ് ഇദ്ദേഹം രഹസ്യങ്ങൾ കൈമാറിയത്.
യു.കെയിലെ സോഫ്റ്റ് വെയർ എൻജിനീയറായാണ് ചാരവനിത പരിചയപ്പെടുത്തിയത്. ഇവർ കുരുൽകർക്ക് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിരുന്നു. അന്വേഷണത്തിൽ അവരുടെ ഐ.പി അഡ്രസ് പാകിസ്താനിൽ നിന്നാണെന്ന് കണ്ടെത്തി. ബ്രഹ്മോസ് ലോഞ്ചർ, ഡ്രോൺ, യുസിവി, അഗ്നി മിസൈൽ ലോഞ്ചർ, മിലിട്ടറി ബ്രിഡ്ജിങ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനും നീക്കം നടന്നിരുന്നു. വിവരങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയാണ് സാറക്ക് കൈമാറിയതെന്നും കുറ്റപത്രത്തിലുണ്ട്. നിലവിൽ കുരുൽകർ പുണെയിലെ യാർവാദ ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.