ആശങ്കയുയർത്തി മൃഗങ്ങളിലെ കോവിഡ്; കടുവകൾക്കും സിംഹങ്ങൾക്കും മാംസം വേവിച്ച് നൽകും
text_fieldsഇന്ദോർ: ഹൈദരാബാദ് മൃഗശാലയിൽ എട്ട് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുൻകരുതൽ നടപടിയുമായി ഇന്ദോർ മൃഗശാല അധികൃതർ. ഇവിടെയുള്ള കടുവകൾക്കും സിംഹങ്ങൾക്കും മാംസം വേവിച്ച് നൽകാൻ തിരുമാനമായി.
മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്ദോർ മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉത്തം യാദവ് പറഞ്ഞു. 'മൃഗങ്ങൾക്ക് രോഗം പടരാതിരിക്കുന്നതിെൻറ ഭാഗമായി പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അസംസ്കൃത മാംസത്തിനുപകരം വേവിച്ച മാംസമാണ് ഇപ്പോൾ നൽകുന്നത് ^ഡോ. യാദവ് വ്യക്തമാക്കി.
കശാപ്പുകാർക്ക് ലഭിക്കുന്ന മൃഗങ്ങളുടെ കോവിഡ് സ്ഥിതിയെക്കുറിച്ച് മൃഗശാല അധികൃതർക്ക് ഉറപ്പില്ലാത്തതിനാലാണ് മാംസം വേവിച്ച് നൽകാൻ തീരുമാനിച്ചത്. കൂടാതെ മൃഗങ്ങൾക്ക് മാംസം വിളമ്പുമ്പോൾ ജീവനക്കാർ പി.പി.ഇ കിറ്റ് ധരിക്കും. മൃഗശാലയിലെ മറ്റു വിഭാഗം ജീവനക്കാരെ മൃഗങ്ങളെ പരിപാലിക്കാൻ അനുവദിക്കില്ല. ദിവസവും കൂടും ചുറ്റുമതിലുമെല്ലാം ആവർത്തിച്ച് ശുചീകരിക്കും. എല്ലാ കൂടുകൾക്കും പുറത്ത് ബ്ലീച്ചിംഗ് പൗഡർ തളിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് ഹൈദരാബാദ് നെഹ്റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സിംഹങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയത്.
ഏപ്രിൽ 24ന് അനസ്തേഷ്യ നൽകിയാണ് സിംഹങ്ങളുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. എട്ട് സിംഹങ്ങളും നിരീക്ഷണത്തിലാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും മൃഗശാല അധികൃതർ അറിയിച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി മൃഗശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.