ജനസംഖ്യയുടെ പകുതിയിലേറെ മാംസാഹാരം കഴിക്കുന്നവർ –കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ മാംസാഹാരം കഴിക്കുന്നവരാണെന്ന് കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം ജോർജ് കുര്യൻ. 20 ശതമാനം വരുന്ന മതന്യൂനപക്ഷങ്ങളെക്കാൾ വലുതാണിത്. കേന്ദ്ര സർക്കാറിെൻറ കന്നുകാലി വിജ്ഞാപനത്തെ തുടർന്ന് മാംസാഹാരം കഴിക്കുന്നതിലുണ്ടായ പ്രശ്നം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാത്രം വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ കമീഷൻ അംഗമായി തിങ്കളാഴ്ച ചുമതലയേറ്റശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു ജോർജ് കുര്യൻ.
കേന്ദ്ര വിജ്ഞാപനത്തെ എതിർക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ 15ാം പട്ടികപ്രകാരം തങ്ങൾക്കാവശ്യമായ നിയമം നിർമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 15ാം ഷെഡ്യൂൾ സംസ്ഥാന പട്ടിക സംബന്ധിച്ചുള്ളതാണ്. കാർഷികേതര ആവശ്യങ്ങൾക്കായി കന്നുകാലികളുടെ വിപണനം നടത്തുന്നതിന് പ്രത്യേകം ചന്തകൾ ഇൗ ഷെഡ്യൂൾ പ്രകാരം കേരളത്തിന് ആരംഭിക്കാം.
കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നത് തമിഴ്നാട്ടിലും കർണാടകത്തിലുംനിന്നാണ്. ഇവിടങ്ങളിലെ കർഷകരുടെ കൈവശമുള്ള കാർഷിക ഉപയോഗം കഴിഞ്ഞതും കറവവറ്റിയതുമായ കന്നുകാലികളെയാണ് കേരളത്തിലെ കന്നുകാലിച്ചന്തകളിലേക്ക് കൊണ്ടുവരുന്നത്.
അതിനാൽ ഇൗ മൂന്ന് സംസ്ഥാനങ്ങൾക്കും പരസ്പരം ആലോചിച്ച് ഇത്തരത്തിൽ കാർഷികേതര കന്നുകാലിച്ചന്തകൾ ആരംഭിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കഴിയും.
അതേസമയം, സുപ്രീംകോടതി വിധി മറികടക്കാതിരിക്കാനും സംസ്ഥാനങ്ങൾ ശ്രദ്ധിക്കണം. കാർഷികാവശ്യത്തിനുള്ള കാലികളുടെ വിപണനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.