മക്ക മസ്ജിദ് വിധി: ശക്തിപ്പെടുന്നത് രോഹിണി സാലിയാൻെറ ആരോപണങ്ങൾ
text_fieldsമുംബൈ: സ്വാമി അസിമാനന്ദ അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട മക്ക മസ്ജിദ് സ്ഫോടന കേസ് വിധി ബലപ്പെടുത്തുന്നത് 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാെൻറ ആരോപണങ്ങൾ.
കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയതോടെ തീവ്രഹിന്ദുത്വ വാദികൾ പ്രതികളായ സ്ഫോടന കേസിൽ മൃദുസമീപനം സ്വീകരിക്കാൻ സർക്കാറിനുവേണ്ടി എൻ.െഎ.എ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്നാണ് 2015ൽ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ രോഹിണി സാലിയാൻ വെളിപ്പെടുത്തിയത്.
2015 ഒക്ടോബറിൽ ബോംെബ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാറിെൻറ ദൂതനായി എത്തിയ എൻ.െഎ.എ ഉന്നത ഉദ്യോഗസ്ഥൻ എൻ.െഎ.എ മുംബൈ എസ്.പി സുഹാസ് വർകെ ആണെന്ന് പിന്നീട് അവർ വെളിപ്പെടുത്തുകയുണ്ടായി. എൻ.െഎ.എ കേസുകൾ അട്ടിമറിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയുടെ ഭാഗമാണ് സാലിയാെൻറ സത്യവാങ്മൂലം.
ഇതേതുടർന്ന് രോഹിണി സാലിയാനെ കേസിൽനിന്ന് മഹാരാഷ്ട്ര സർക്കാർ മാറ്റുകയായിരുന്നു. 2008ലെ മാലേഗാവ് സ്ഫോടന കേസിൽ ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര എ.ടി.എസ് നടത്തിയ അന്വേഷണമാണ് രാജ്യത്തെ സ്ഫോടനങ്ങളിൽ തീവ്ര ഹിന്ദുത്വ സംഘടനകളുടെ പങ്ക് വെളിപ്പെടുത്തിയത്. മക്ക മസ്ജിദ് കേസിൽ സ്വാമി അസിമാനന്ദ അറസ്റ്റിലായതോടെ മുൻ സിമി പ്രവർത്തകർ അറസ്റ്റിലായ മറ്റ് സ്ഫോടനങ്ങളും സംഘ്പരിവാർ സംഘടനകളാണ് നടത്തിയതെന്ന് വ്യക്തമായി. അജ്മീർ ദർഗ, സംഝോത എക്സ്പ്രസ് ട്രെയിൻ, 2006ലെ ആദ്യ മാലേഗാവ് സ്ഫോടനം എന്നിവയായിരുന്നു അവ. ആർ.എസ്.എസ് നേതാക്കളായ മോഹൻ ഭാഗവത്, ഇന്ദ്രേഷ് കുമാർ എന്നിവരുടെ പേരും അസിമാനന്ദ വെളിപ്പെടുത്തിയിരുന്നു. സ്ഫോടനങ്ങൾ നടത്താൻ ആർ.എസ്.എസിെൻറ അനുമതി ലഭിച്ചതായും പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് വെളിപ്പെടുത്തലുകൾ അസിമാനന്ദ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.