മക്ക മസ്ജിദ് വിധി: ജഡ്ജിയുടെ രാജിയിൽ അഭ്യൂഹം
text_fieldsമുംബൈ: മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസിമാനന്ദ അടക്കം വിചാരണ നേരിട്ട എല്ലാ പ്രതികളെയും കുറ്റമുക്തരായി വിധിച്ച ശേഷം ഹൈദരാബാദിലെ പ്രത്യേക എൻ.െഎ.എ കോടതി ജഡ്ജി കെ. രവീന്ദ്ര റെഡ്ഡി രാജിവെച്ചതുമായി ബന്ധപ്പെട്ട് നിയമവൃത്തങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നു. ‘തെലങ്കാനയോട് അനീതികാട്ടി’യെന്ന് അദ്ദേഹം സൂചിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. കേസിൽ കടുത്ത സമ്മർദവും ഭീഷണികളും നേരിട്ടിരുന്നതായി ജഡ്ജി രവീന്ദ്ര റെഡ്ഡി അടുത്ത ആളുകേളാട് പറഞ്ഞിരുന്നു. രാജിക്കത്തിലെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് കത്തിലെന്നാണ് പറയപ്പെടുന്നത്.
രാജി നൽകിയ ഉടൻ അവധിയിൽ പോയ അദ്ദേഹം ഉപ്പലിലെ വസതിയിലാണ്. രാജി സ്വീകരിക്കാത്തതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് വിവരം തേടിയെത്തിയ മാധ്യമ പ്രവർത്തകരെ ബന്ധുക്കൾ മുഖേന അറിയിച്ചത്.
അതേസമയം, കഴിഞ്ഞ വർഷം വ്യാജരേഖ ചമക്കൽ കേസിൽ കടപ്പ വ്യവസായിക്ക് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട രവീന്ദ്ര റെഡ്ഡിക്ക് എതിരെയുള്ള അഴിമതി ആരോപണവും കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന സാധ്യതയാണ് മറ്റൊന്ന്. തെലങ്കാന വാദിയായ രവീന്ദ്ര റെഡ്ഡി തെലങ്കാന ജനസമിതി പാർട്ടിയിൽ ചേരുമെന്നും കരിംനഗറിൽനിന്ന് മത്സരിക്കുമെന്നുമാണ് അഭ്യൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.