മേധ പട്കർ ജയിലിൽ
text_fieldsഭോപാൽ: മധ്യപ്രദേശിലെ സർദാർ സരോവർ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ കാണാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തകയും നർമദ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധ പട്കറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ധർ ജില്ലയിലേക്ക് പോകാൻ ശ്രമിച്ച അവരെ പൊലീസ് തടയുകയായിരുന്നു.
പ്രദേശത്ത് നിരോധനാജ്ഞയുണ്ടെന്നും അതിനാൽ സന്ദർശനം അനുവദിക്കാനാവില്ലെന്നും മേധ പട്കറോട് പൊലീസ് പറഞ്ഞു. എന്നാൽ, ദുരിതബാധിതരെ തനിക്ക് നേരിൽ കാണണമെന്നായിരുന്നു പ്രതികരണം. അവർ ധറിലേക്ക് പോകാൻ ശ്രമിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ദോർ മേഖല അഡീഷനൽ ഡയറക്ടർ ജനറൽ അജയ് ശർമ പറഞ്ഞു.
ഇന്ദോർ-ധർ ജില്ല അതിർത്തിയിൽവെച്ചാണ് അറസ്റ്റുണ്ടായത്. നിരോധനാജ്ഞ ലംഘിക്കില്ലെന്ന് എഴുതിനൽകണമെന്ന പൊലീസിെൻറ ആവശ്യം മേധ പട്കർ നിരസിച്ചതിനെ തുടർന്ന് പിന്നീട് ധർ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജയിലിൽ അടക്കുകയായിരുന്നു.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം, മതിയായ നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന ധറിലെ ചിഖൽദയിൽനിന്ന് ഇൗമാസം ഏഴിന് മേധ പട്കറെയും 11 പേരെയും പൊലീസ് ബലമായി ഒഴിപ്പിച്ചിരുന്നു. അതിനിടെ, സർദാർ സരോവർ വിഷയത്തിൽ ഇടപെടൽ അഭ്യർഥിച്ച് മേധ പട്കർ സുപ്രീംകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചില്ല. വ്യാഴാഴ്ച മധ്യപ്രദേശ് ഹൈകോടതി കേസ് പരിഗണിക്കുന്നുവെന്ന് പറഞ്ഞാണ് സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.