ആശുപത്രി തടവിൽ മേധാ പട്കർ, ഇന്ദോറിൽ കർഫ്യുവിന് തുല്ല്യം
text_fieldsഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോർ നഗരത്തിൽ ‘ബോംബേ ഹോസ്പിറ്റലിനു മുന്നിൽ ഇപ്പോൾ കർഫ്യുവിെൻറ പ്രതീതിയാണ്. എവിടെയും പൊലീസുകാർ നിറഞ്ഞു നിൽക്കുന്നു. ലാത്തിച്ചാർജോ ടിയർ ഗ്യാസ് പ്രയോഗമോ പോലും ആ ആശുപത്രിക്ക് മുന്നിൽ നടന്നേക്കുമെന്നു തോന്നുന്ന സന്നാഹങ്ങളോയൊണ് പൊലീസ് നിലകൊള്ളുന്നത്.
ആശുപത്രിക്കുള്ളിലേക്ക് കടക്കാൻ നഴ്സുമാർ പോലും കടുത്ത പരിശോധനയ്ക്ക് വിധേയമാകണം. കാരണം, ആ ആശുപത്രിക്കുള്ളിലാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിക്കൽദാ ഗ്രാമത്തിലെ സമരപ്പന്തലിൽനിന്ന് അറസ്റ്റ് ചെയ്ത നർമദ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്.
‘ദീദീ..’ എന്ന വിളികളുമായി ആയിരങ്ങൾ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. കർഫ്യൂവിന് സമാനമായ അവസ്ഥയാണ് ആശുപത്രിക്ക് സമീപമെന്ന് മേധയെ പിന്തുടർന്നെത്തിയ അനുയായികൾ പറയുന്നു. കേരളത്തിൽനിന്ന് വിദ്യാർഥികളടക്കം നിരവധിയാളുകളാണ് സമരത്തിൽ മേധാ പട്കറിന് പിന്തുണയുമായി എത്തിയിരുന്നത്.
‘മതിയായ പുനരധിവാസം’ ഉറപ്പാക്കിയ ശേഷമേ നർമദയിലെ സർദാർ സരോവർ അണക്കെട്ടിെൻറ ജലനിരപ്പ് 138.68 മീറ്ററായി ഉയർത്താവൂ എന്ന് സുപ്രീം കോടതി പോലും നിർദേശിച്ചതാണ്. എന്നാൽ, േകാടതി നിർദേശംപോലും കാറ്റിൽ പറത്തി പദ്ധതി പ്രദേശത്തുനിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരെയാണ് കഴിഞ്ഞ 12 ദിവസമായി മധോ പട്കറും മറ്റ് 11 പേരും നിരാഹാര സമരത്തിലായിരുന്നു.
ഇവരുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരം നിർത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ലോകത്തിെൻറ നാനാ ഭാഗങ്ങളിൽനിന്നും അഭ്യർത്ഥനകൾ ശക്തമാകുന്നതിനിടയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മേധയടക്കമുള്ള സമരക്കാരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച സമരക്കാർക്കുനേരെ ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയുണ്ടായി. ക്രിമിനലുകളോടെന്ന പോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയതെന്ന് സമരക്കാർ പറയുന്നു. ക്രൂരമായി പൊലീസ് മർദ്ദിച്ചതായും അവർ പറയുന്നു.
ആശുപത്രിയിലാണെങ്കിലും മേധയെ തടങ്കലിൽ എന്നപോലെയാണ് പാർപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ എവിടേക്ക് കൊണ്ടുപോയെന്നു പോലും അറിവില്ല. 40,000 ത്തോളം കുടുംബങ്ങളാണ് അണക്കെട്ടിെൻറ ഉയരം വർധിപ്പിക്കുേമ്പാൾ കുടിയിറക്കപ്പെടുക. നിസ്സഹായരായ ആദിവാസികളടക്കമുള്ള ഇൗ മനുഷ്യർക്കുവേണ്ടിയാണ് മേധാ പട്കറുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. മേധയെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. തൃശൂർ കേച്ചേരിയിലെ കിരാലൂർ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർത്ഥികൾ മേധയുടെ സമരത്തിന് െഎക്യദാർഡ്യവുമായി ചിക്കൽദായിലെത്തിയിരുന്നു.അറസ്റ്റിൽ പ്രതിഷേധിച്ച് സൽസബീൽ ഗ്രീൻ സ്കൂളിൽ വിദ്യാർഥികൾ പ്രതിഷേധ സംഗമം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.