തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഉപവാസസമരവുമായി മേധ പട്കർ
text_fieldsഭോപ്പാൽ: മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസവുമായി സാമൂഹിക പ്രവർത്തക മേധാ പട്കർ. തിങ്കളാഴ്ച രാവിലെയാണ് സഹപ്രവർത്തകരോടൊപ്പം ബർവാനി ജില്ലയിലെ സെഗ്വാളിന് സമപം ദേശീയപാതയോരത്ത് സമരം തുടങ്ങിയത്.
ആവശ്യം ഉടൻ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും നർമദ ബച്ചാവോ ആന്ദോളൻ സമരനേതാവായ മേധ പട്കർ പറഞ്ഞു.
അതിനിെട, സംസ്ഥാനത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട തൊഴിലാളികൾ ഞായറാഴ്ച പൊലീസിനുനേരെ കല്ലെറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. മുംബൈ-ആഗ്ര ഹൈവേ വഴിയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും തൊഴിലാളികൾ കാൽനടയായും വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങുന്നത്. ഇരുസംസ്ഥാനങ്ങളുടെ അതിർത്തിയായ ബർവാനി ജില്ലയിലെ സെന്ധ്വയിലൂടെയാണ് ഇവർ കടന്നുപോകുന്നത്.
തൊഴിലാളികളെ മരിക്കാൻ വിടുകയാണ് സർക്കാർ ചെയ്യുന്നെതന്ന് മേധ കുറ്റപ്പെടുത്തി. കൊടുംചൂടിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പെരുവഴിയിലൂടെ നടക്കുന്നത്. നാട്ടിലെത്താൻ പണം നൽകാൻ പോലും ഇവർ തയ്യാറാണ്. എന്നാൽ സർക്കാർ ഇപ്പോഴും ഉചിതമായ തീരുമാനം എടുക്കുന്നില്ല. തൊഴിലുടമകളിൽനിന്ന് മതിയായ വേതനം പോലും ലഭിക്കാതെയാണ് ലോക്ഡൗണിൽ കുടുങ്ങിയവർ നാട്ടിലേക്ക് മടങ്ങുന്നതെന്ന കാര്യം സർക്കാർ പരിഗണിക്കണം -മേധ പട്കർ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകൾ തമ്മിലുള്ള ഏകോപനത്തിെൻറ അഭാവമാണ് തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിലാകാൻ കാരണമെന്ന് അവർ ആരോപിച്ചു. ‘‘മധ്യപ്രദേശിലെ പ്രതിപക്ഷ പാർട്ടി പോലും നിശബ്ദമാണ്. ഭരണമില്ല, രാഷ്ട്രീയവുമില്ല. അസംസ്കൃത വസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകുന്നവർ മനുഷ്യർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നില്ല. വാടക വാഹനങ്ങളിൽ അതിർത്തിയിലെത്തുന്നവരെ പോലും കടന്നുപോകാൻ അനുവദിക്കുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ ഫെഡറൽ ഘടന തകർന്നുകൊണ്ടിരിക്കുകയാണ്’’ -മേധ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.