മാധ്യമ നിയന്ത്രണ സംവിധാനം പരിഗണനയിൽ –മന്ത്രി പ്രകാശ് ജാവ്ദേക്കർ
text_fieldsന്യൂഡൽഹി: മാധ്യമ നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ. ടെലിവിഷൻ രംഗത്ത് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്. അച്ചടി, ദൃശ്യ വാർത്തകൾക്കുള്ളതുപോലെ നിയന്ത്രണം ഓൺലൈൻ മാധ്യമങ്ങൾക്കും വേണം. ദേശീയ മാധ്യമ ദിനത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിെൻറ ആത്മാവാണ്. പക്ഷേ, സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല. മാധ്യമ പ്രവർത്തനം ഉത്തരവാദിത്ത പൂർണമാകണം. പ്രവൃത്തി വിമർശിക്കപ്പെടണം -മന്ത്രി പറഞ്ഞു.
ഉത്തരവാദിത്തപൂർണമായ സ്വാതന്ത്ര്യമെന്ന തത്ത്വം വ്യവസ്ഥാപിതമായി നടപ്പാക്കുന്നതിന് മാധ്യമ രംഗത്തുള്ളവരാണ് മുൻകൈയെടുക്കേണ്ടത്. സർക്കാർ അതിൽ ഇടപെടാനോ സ്വാതന്ത്ര്യം നിയന്ത്രിക്കാനോ ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങളിൽ സർക്കാർ വിശ്വാസം അർപ്പിക്കുന്നുവെങ്കിൽ, ഉത്തരവാദിത്തപൂർണമായ മാധ്യമ പ്രവർത്തനത്തിന് മാതൃക സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളാണ്.
സ്വയം നിയന്ത്രണ സംവിധാനമാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. അതിെൻറ തലവനെ സർക്കാറാണ് നിയമിക്കുന്നതെങ്കിലും പത്ര ഉടമകൾ, എഡിറ്റർമാർ, പത്രപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, എം.പിമാർ എന്നിവരുടെ പ്രതിനിധികൾ കൗൺസിലിലുണ്ട്. എന്നാൽ, പ്രസ് കൗൺസിലിന് കൂടുതൽ അധികാരം നൽകണമെന്ന് ആവശ്യമുയരുന്നു. അതും പരിഗണനയിലാണ്.
ടി.വി ചാനലുകളുടെ കാര്യത്തിൽ പ്രസ് കൗൺസിൽ പോലൊരു സംവിധാനം ഇല്ല. പരാതി നൽകാനും വേണമെങ്കിൽ ശിക്ഷിക്കാനും കഴിയുന്ന ദേശീയ പ്രക്ഷേപണ നിലവാര അതോറിറ്റി ഉണ്ടെങ്കിലും പല ചാനലുകളും അതിൽ അംഗമല്ല. അവർക്ക് ഒരു നിയന്ത്രണവുമില്ല. എല്ലാ ചാനലുകൾക്കും ബാധകമായ പെരുമാറ്റച്ചട്ടം വേണം. തീരുമാനം എടുത്തിട്ടില്ലെങ്കിലും, പരിഗണിച്ചുവരുന്നു- മന്ത്രി പറഞ്ഞു.
ജനാധിപത്യത്തിെൻറ അടിത്തറ ശക്തിപ്പെടുത്തുന്ന സംരക്ഷകരാണ് ഇന്ത്യയിലെ മാധ്യമങ്ങളെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനാധിപത്യവും നിയമവാഴ്ചയും ശക്തിപ്പെടുത്തുന്നതിൽ ഊർജസ്വലമായ മാധ്യമങ്ങളും സ്വതന്ത്ര നീതിപീഠവും ഒരുപോലെ പ്രധാനമാണ്. സ്വതന്ത്രവും നിർഭയവുമായ മാധ്യമങ്ങളില്ലാതെ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ല. മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണം ദേശതാൽപര്യത്തിന് വിരുദ്ധമാണ്. എല്ലാവരും എതിർക്കേണ്ടതാണ്. മാധ്യമങ്ങൾ ന്യായയുക്തമായി, കൃത്യതയോടെ, ലക്ഷ്യബോധത്തോടെ വാർത്തകളെ സമീപിക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.