ദൈനിക് ഭാസ്‌കറിൻെറ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
text_fieldsന്യൂഡൽഹി: പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിൻെറ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. നികുതി വെട്ടിപ്പ് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ദൈനിക് ഭാസ്‌കറിൻെറ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒാഫീസുകളിലാണ് റെയ്ഡ് നടന്നത്. ദൈനിക് ഭാസ്കർ ഗ്രൂപ്പിൻെറ പ്രമോട്ടർമാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
തങ്ങളുടെ ജയ്പൂർ, അഹമദാബാദ്, ഭോപ്പാൽ, ഇന്ദോർ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന് ദൈനിക് ഭാസ്‌കറിൻെറ മുതിർന്ന എഡിറ്റർ സ്ഥിരീകരിച്ചു. ഭോപ്പാലിലെ പ്രസ് കോംപ്ലക്സിലുള്ള ദൈനിക് ഭാസ്കർ ഓഫീസ് ഉൾപ്പെടെ വിവിധയിടങ്ങളിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെന്ന് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ് ട്വീറ്റ് ചെയ്തു.
കോവിഡിൻെറ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഒാക്സിജൻ ലഭിക്കാതെ നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ സർക്കാറിൻെറ വീഴ്ചകൾ റിപ്പോർട്ട് ചെയ്യുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പത്ര ഗ്രൂപ്പുകളിലൊന്നായ ദൈനിക് ഭാസ്‌കർ മുൻനിരയിലുണ്ടായിരുന്നു.
കോവിഡ് ദുരന്തമുഖത്തെ സർക്കാറിൻെറ ഒൗദ്യോഗിക അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകൾ പത്രം പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരങ്ങൾ ഗംഗാ നദിയിൽ ഒഴുകി നടക്കുന്ന ദയനീയ കാഴ്ചകളും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാറിൻെറ പരാജയം തുറന്ന്കാണിച്ച് ദൈനിക് ഭാസ്‌കർ എഡിറ്റർ ഓം ഗൗർ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനം ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.