മാധ്യമപ്രവർത്തനത്തെ തീവ്രവാദമായി കണക്കാക്കാനാവില്ല; ചീഫ് ജസ്റ്റിസിന് കത്തയച്ച് മാധ്യമസംഘടനകൾ
text_fieldsന്യുഡൽഹി: ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും മാധ്യമപ്രവർത്തകരുടെ വീട്ടിലും നടന്ന റെയ്‌ഡിലും ജീവനക്കാരുടെ അറസ്റ്റിലും പ്രതിഷേധിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ച് മാധ്യമസംഘടനകൾ. മാധ്യമപ്രവർത്തനത്തെ തീവ്രവാദമായി കണക്കാക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. നിയമത്തിലോ മറ്റ് നടപടി ക്രമത്തിലോ തിരുമറി നടത്താനല്ല കത്തെഴുതുന്നതെന്നും എന്നാൽ അന്വേഷണമെന്ന പേരിൽ മാധ്യമപ്രവർത്തകരെ വിളിച്ചുവരുത്തുന്നതിലെ ദുരുദ്ദേശ്യം പരിശോധിക്കേണ്ടതുണ്ടെന്നും കത്തിൽ വ്യക്തമാക്കി.
മാധ്യമപ്രവർത്തകർ നിയമത്തിന് മുകളിലാണെന്ന് പറയുന്നില്ലെന്നും അങ്ങനെ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് സമൂഹത്തിന്റെ ജനാധിപത്യ ഘടനയെ ബാധിക്കുന്നു. സർക്കാർ അംഗീകരിക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ നിയമനടപടികൾക്ക് വിധേയമാക്കുന്നത് അടിച്ചമർത്താനുള്ള ശ്രമമാണെന്നും സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും കത്തിൽ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ പോരാടുന്നതിന്റെ മറവിൽ അധികാരികൾ മനുഷ്യജീവിതത്തോട് എത്രമാത്രം നിസ്സംഗത പുലർത്തുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ ദാരുണമായ കസ്റ്റഡിയിലെ മരണമെന്നും കത്തിൽ പറയുന്നു. രാജ്യദ്രോഹം ചുമത്തി സിദ്ധിഖ് കാപ്പനെ ജയിലിലടച്ചതിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നു.
രാജ്യത്തെ അന്വേഷണ ഏജൻസികളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്നും മാധ്യമങ്ങൾക്കെതിരെആയുധമാക്കുന്നുവെന്നും ചീഫ് ജസ്റ്റിസിന് അറിവുള്ളതാണല്ലോ എന്നും മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹ, തീവ്രവാദ കേസുകൾ ഫയൽ ചെയ്യ്ത് ബുദ്ധിമുട്ടിപ്പിക്കുകയാണെന്നും കത്ത് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.