ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്ന വാർത്ത മാധ്യമ അജണ്ട- ആർ.എസ്.എസ്
text_fieldsലഖ്നോ: ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്നെന്നും തീരങ്ങളിൽ അവ സംസ്കരിച്ചുവെന്നുമുള്ള വാർത്തകൾ മാധ്യമങ്ങളുടെ അജണ്ടയുടെ ഭാഗമാണെന്ന് ആർ.എസ്.എസ് സഹപ്രചാർ പ്രമുഖ് നരേന്ദ്ര കുമാർ. 2015ലും 2017ലും ഇതുപോലെ ഗംഗയിൽ മൃതേദഹങ്ങൾ ഒഴുകിനടന്നിരുന്നു. അന്ന് കോവിഡ് മഹാമാരി ഉണ്ടായിരുന്നില്ല. ഇപ്പോൾ കോവിഡിനോട് ചേർത്തുപറയുന്നത് അജണ്ടയുടെ ഭാഗമാണ്''- മഹർഷി നാരദ ജയന്തി ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലായിരുന്നു ആരോപണം. ലോകത്തെ ആദ്യ മാധ്യമ പ്രവർത്തകനായാണ് നാരദ മുനിയെ ആർ.എസ്.എസ് കണക്കാക്കുന്നത്.
''മഹാമാരി കാലത്ത് പൊതുവെ ജോലി നന്നായി നിർവഹിച്ചവരാണ് മാധ്യമങ്ങൾ. സംവിധാനത്തിലെ പാളിച്ചകൾ തുറന്നുകാട്ടുന്നത് നല്ലതാണ്. പക്ഷേ, അത് കൃത്യസമയത്ത് കരുതലോടെ വേണം. ബോധവത്കരണത്തിനാകണം, ഭീതി സൃഷ്ടിക്കാനാവരുത്''- നരേന്ദ്ര കുമാർ പറഞ്ഞു.
ഗംഗാനദിയിൽനിന്ന് ആറു മൃതദേഹംകൂടി കണ്ടെടുത്തു
ഫത്തേപുർ: കോവിഡ് ബാധിച്ച് മരിച്ച ആറുപേരുടെ മൃതദേഹംകൂടി ഗംഗാനദിയിൽനിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ ഫത്തേപുരിൽ നദിയിൽ മൃതദേഹം ഒഴുകിനടക്കുന്നതായി പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തഹസിൽദാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറു മൃതശരീരങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്തവിധം അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പിന്നീട് അധികൃതരുടെ മേൽനോട്ടത്തിൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് ഭിതോറ ഗംഗഘട്ടിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം പി.പി.ഇ കിറ്റ് ധരിച്ച് റപ്തി നദിയിൽ മൃതദേഹം തള്ളിയ യുവാക്കളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.