മീഡിയവൺ വിലക്ക് ചർച്ച പാർലമെന്റിൽ
text_fieldsന്യൂഡൽഹി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ വിഷയം വീണ്ടും പാർലമെന്റിൽ. ചാനലിന് സ്വന്തം നിലപാട് വിശദീകരിക്കാൻ സർക്കാർ അവസരം നൽകിയോ എന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ ചോദിച്ചു. എന്നാൽ, സഭയിൽ ഉണ്ടായിരുന്ന വാർത്താവിതരണ-പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ അതിനു മറുപടി നൽകിയില്ല. അതേസമയം, നേരത്തെ കോൺഗ്രസിലെ ഗൗരവ് ഗൊഗോയി ചാനലുകളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോൾ, ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള സുരക്ഷ അനുമതിക്ക് വിധേയമായാണ് വാർത്താവിതരണ മന്ത്രാലയം ചാനലുകൾക്ക് അനുമതി നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
സുരക്ഷാപരമായ പിഴവ് എന്താണെന്ന് കൃത്യമായി ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ചാനലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടോയെന്ന് ഗൗരവ് ഗൊഗോയി ചോദിച്ചു.
ടെലിവിഷൻ ചാനലിന് അപേക്ഷ നൽകുമ്പോൾ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലേക്ക് നൽകുന്നതാണ് രീതിയെന്ന് മന്ത്രി വിശദീകരിച്ചു. എന്താണ് സുരക്ഷ പിഴവെന്നാണ് അംഗം ചോദിക്കുന്നത്. സുരക്ഷ പിഴവിന്റെ വിഷയമല്ല ഇത്; ദേശസുരക്ഷയുടെ കാര്യമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ്. ദേശസുരക്ഷയിൽ വീട്ടുവീഴ്ച ചെയ്യാൻ പറ്റില്ല. ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നടപടി.
ദേശസുരക്ഷാ സാഹചര്യങ്ങളിൽ സ്വാഭാവിക നീതിയുടെ തത്വം കർക്കശമായി പാലിക്കണമെന്ന് നിർബന്ധിക്കാൻ കക്ഷിക്ക് കഴിയില്ലെന്ന് ഡിജി കേബിൾ നെറ്റ്‍വർക്കും കേന്ദ്രസർക്കാറുമായുള്ള കേസിൽ 2019 ജനുവരി ഏഴിന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ വാർത്താവിതരണ മന്ത്രാലയത്തിന് കഴിയില്ല. സുരക്ഷയുടെ പേരിൽ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചാൽ സ്വാഭാവികമായി വാർത്താവിതരണ മന്ത്രാലയം സംപ്രേഷണം വിലക്കും-മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.