മീഡിയവൺ വിലക്ക്; പാർലമെന്‍ററി സമിതി വിശദീകരണം തേടി
text_fieldsന്യൂഡൽഹി: മീഡിയവൺ വിലക്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശശി തരൂർ അധ്യക്ഷനായ പാർലമെന്‍ററി സമിതി വിശദീകരണം തേടി. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് മാധ്യമ വിലക്കെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. ഐ.ടി, വാർത്താ പ്രക്ഷേപണ -ടെലികോം സമിതി യോഗത്തിലേക്കാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്. ആഭ്യന്തര വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വി.എസ്.കെ. കൗമുദി, വാർത്താപ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി അപൂർവ ചന്ദ്ര എന്നിവരാണ് വിശദീകരവുമായി സമിതിക്ക് മുൻപാകെ എത്തിയത്.
അതിനിടെ, മീഡിയവൺ ചാനലിന്‍റെ സംപ്രേഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അപ്പീൽ നൽകി. ഹൈകോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീലിൽ നാളെ വാദം കേൾക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ മീഡിയവണിനായി ഹാജരാകും. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകരായ എസ് ശ്രീകുമാറും ജെയ്ജു ബാബുവും ദവെക്കൊപ്പം ഹാജരാകും. മീഡിയവൺ മാനേജ്‌മെന്‍റ്, ജീവനക്കാർ, പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് ഹരജിക്കാർ.
നേരത്തെ നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി സിംഗിൾ ബെഞ്ച് ശരിവെക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് ലൈസൻസ് പുതുക്കി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്. രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥ സമിതി വിലയിരുത്തിയ ശേഷമായിരുന്നു തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്ന് വിധിയിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർ കോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച ശേഷം സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന മന്ത്രാലയത്തിന്‍റെ തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന തീർപ്പിലാണ് കോടതി എത്തിയത്. അതിനാൽ കേന്ദ്ര നടപടിക്കെതിരായ ഹരജി തള്ളുകയാണെന്ന് ജസ്റ്റിസ് നഗരേഷ് വ്യക്തമാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാൻ ഉദ്ദേശിക്കുന്നതിനാൽ രണ്ട് ദിവസത്തെ പ്രവർത്തനാനുമതി കൂടി നൽകണമെന്ന 'മീഡിയവൺ' അഭിഭാഷകന്‍റെ ആവശ്യം കോടതി നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.