ബി.ജെ.പി നേതാക്കൾക്ക് മെഡിക്കൽ കോഴ: ലോക്സഭയിൽ പ്രതിഷേധം, ബഹളം
text_fieldsന്യൂഡൽഹി: മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതിക്കായി കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയ വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെൻറിൽ വെള്ളിയാഴ്ചയും പ്രതിപക്ഷ ബഹളം. കേരള എം.പിമാര്‍ ലോക്സഭയുടെ നടുത്തളത്തില്‍ പ്രതിഷേധവുമായിറങ്ങി. അടിയന്തര പ്രമേയത്തിന് എം.പിമാർ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബഹളം.
ശൂന്യവേളയില്‍ എ. സമ്പത്ത് എം.പി വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോൾ സ്പീക്കർ മൈക്ക് ഓഫാക്കി. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം ഇറങ്ങിപ്പോയി.
ചോദ്യോത്തരവേളയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മറുപടി നല്‍കുന്നതിനിടെ, ബി.ജെ.പി സംസ്ഥാന ഘടകത്തിെൻറ അന്വേഷണ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി സമ്പത്ത് എം.പി വിഷയം ഉന്നയിക്കുന്നതിനിടയിലാണ് സ്പീക്കർ മൈക്ക് ഓഫാക്കിയത്.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പി. കരുണാകരനും ബംഗാളിൽനിന്നുള്ള സി.പി.എം എം.പി മുഹമ്മദ് സലീമും എം.ബി. രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ചോദ്യോത്തരവേളയില്‍ സമ്പത്ത് വിഷയം സംസാരിച്ചു എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ത്രിപുര, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എം.പിമാരും പ്രതിഷേധിച്ചു. ആരോപണവിധേയനായ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ശനിയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.