Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെ മെഡിക്കൽ...

ഇന്ത്യയിലെ മെഡിക്കൽ കോളജുകൾ റാഗിങ് ഹോട്ട്സ്പോട്ടുകൾ; മൂന്ന് വർഷത്തിനിടെ റാഗിങ് മൂലം പൊലിഞ്ഞത് 51 ജീവനുകൾ

text_fields
bookmark_border
representative image
cancel

ന്യൂഡൽഹി: 2022നും 2024 നും ഇടയിൽ രാജ്യത്തെ സർവകലാശാലകളുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 51 റാഗിങ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സൊസൈറ്റി എഗൈൻസ്റ്റ് വയലൻസ് ഇൻ എഡ്യൂക്കേഷൻ (എസ്.എ.വി.ഇ). കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് അവർ ഇക്കാര്യം പറയുന്നത്.

1946 കോളജുകളിൽ നിന്നായി നാഷനൽ ആന്റി-റാഗിംഗ് ഹെൽപ്പ് ലൈനിൽ രജിസ്റ്റർ ചെയ്ത 3156 പരാതികളെ അടിസ്ഥാനമാക്കിയാണ് 'സ്റ്റേറ്റ് ഓഫ് റാഗിങ് ഇൻ ഇന്ത്യ 2022-24' എന്ന പേരിൽ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 51 മരണങ്ങളുൾപ്പെടെ നിരവധി റാഗിങ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ 1.1 ശതമാനം മാത്രമുള്ള മെഡിക്കൽ കോളജുകളിൽ നിന്നാണ് റാഗിങ് സംബന്ധിച്ച മൊത്തം പരാതികളിൽ 38.6 ശതമാനവും.2024-ൽ മാത്രം റാഗിങുമായി ബന്ധപ്പെട്ട ഇരുപത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥി ആത്മഹത്യകളെക്കുറിച്ച് രാജ്യത്ത് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും റാഗിങ് മൂലമുണ്ടാകുന്ന മരണങ്ങളിൽ സർക്കാറിന്‍റെ ഭാഗത്ത് നിന്നും കൃത്യമായ ശ്രദ്ധ ലഭിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ ഏറ്റവും കൂടുതൽ റാഗിങ് പരാതികൾ ലഭിച്ച സ്ഥാപനങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലഖ്‌നൗ സർവകലാശാല (15 പരാതികൾ), ഒഡീഷയിലെ എം.കെ.സി.ജി മെഡിക്കൽ കോളജ് (9), ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി കാമ്പസ് (8), ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (8), ജാർഖണ്ഡിലെ എം.ജി.എം മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (7) എന്നിവ ഉൾപ്പെടുന്നു.

സർവകലാശാലകളിൽ ഉത്തർപ്രദേശിലെ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ (34) വന്നത്. ബിഹാർ എഞ്ചിനീയറിംഗ് യൂനിവേഴ്‌സിറ്റി (30), പശ്ചിമ ബംഗാളിലെ മൗലാന അബുൽ കലാം ആസാദ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി (27) എന്നിവയാണ് മറ്റുള്ളവ.

മൂന്ന് വർഷത്തെ കാലയളവിൽ, ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച സർവകലാശാലകൾ മൗലാന അബുൽ കലാം ആസാദ് യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂനിവേഴ്‌സിറ്റി എന്നിവയാണ്. 75 പരാതികൾ വീതമാണ് ലഭിച്ചത്.

മെഡിക്കൽ കോളജുകളിൽ മൂന്ന് വർഷത്തിനിടയിൽ ഇരുപത്തിയഞ്ച് പരാതികളാണ് ഒഡീഷയിലെ എം.കെ.സി.ജി മെഡിക്കൽ കോളജിൽ നിന്നും ലഭിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ മെഡിക്കൽ കോളജ് റായ്പൂർ (15), വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബീഹാർ (14) എന്നിവയാണ് മറ്റുള്ളവ.

ആരോഗ്യ സർവകലാശാലകളിൽ മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല (75 പരാതികൾ), അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂനിവേഴ്‌സിറ്റി (68) എന്നിവയാണ് മുന്നിൽ.

നാഷണൽ ആന്റി-റാഗിംഗ് ഹെൽപ്പ് ലൈനിൽ നൽകിയ പരാതികൾ മാത്രമേ റിപ്പോർട്ടിൽ പ്രതിഫലിപ്പിക്കുന്നുള്ളൂവെന്നും കോളജുകളിലോ പൊലീസിലോ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുമായ കേസുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raggingmedical collegesIndia Education Sector
News Summary - Medical colleges are ragging hotspots reveals report
Next Story
RADO