കരുണ, കണ്ണൂർ മെഡി.കോളജുകളിലെ 180 സീറ്റിൽ പ്രവേശനം റദ്ദാക്കി
text_fieldsന്യൂഡൽഹി: പാലക്കാട് കരുണ മെഡിക്കല്‍ കോളജിലും കണ്ണൂര്‍ മെഡിക്കല്‍ കോളജിലും സ്വാശ്രയ മാനേജ്മെൻറുകള്‍ 180 എം.ബി.ബി.എസ് സീറ്റിൽ നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. എൻ.ആർ.െഎ ക്വോട്ടയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാണിച്ചതിന് ജയിലിൽ പോകേണ്ടിവരുമെന്ന് മാനേജ്മെൻറ് പ്രതിനിധിയെ സുപ്രീംകോടതി ഒാർമിപ്പിക്കുകയും ചെയ്തു.
കരുണ 150ഉം കണ്ണൂർ 30ഉം സീറ്റുകളിലേക്ക് നടത്തിയ പ്രവേശനമാണ് റദ്ദാക്കിയത്. അധ്യയനവർഷം മുന്നോട്ടുപോയ സാഹചര്യത്തിൽ ഇൗ സീറ്റുകളിലേക്ക് ജയിംസ് കമ്മിറ്റി നിർദേശിച്ച വിദ്യാർഥികൾക്ക് അടുത്ത വർഷം പ്രവേശനം നൽകണമെന്ന് ജസ്റ്റിസുമാരായ അമിതാവ് റോയ്, അമിത് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
എൻ.ആർ.െഎ സീറ്റുമായി ബന്ധപ്പെട്ട് കരുണ മെഡിക്കൽ കോളജ് സമർപ്പിച്ച രേഖകൾ കൃത്രിമമാണെന്ന് കണ്ടെത്തി. മാനേജ്മെൻറ് നടപടി തങ്ങളെ ഞെട്ടിച്ചുവെന്ന് സുപ്രീംകോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകരെ ഒഴിവാക്കി കോടതിമുറിയിലുണ്ടായിരുന്ന മാനേജ്മെൻറ് പ്രതിനിധിയോട്, രേഖകൾ തെറ്റാണെന്ന് കണ്ടാൽ ജയിലിൽ പോകേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. ഇരു കോളജുകളും നടപടി അട്ടിമറിച്ചാണ് പ്രവേശനം നടത്തിയതെന്ന് ജയിംസ് കമ്മിറ്റി നേരത്തേ കണ്ടെത്തിയിരുന്നു. കമ്മിറ്റി ഇറക്കിയ ഉത്തരവിനാധാരമായ ഹൈകോടതി വിധിക്കെതിരെയാണ് ഇരു മാനേജ്മെൻറുകളും സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിയില്‍ സുപ്രീംകോടതി ജയിംസ് കമ്മിറ്റിക്കും സംസ്ഥാന സര്‍ക്കാറിനും നോട്ടീസ് അയക്കുകയും ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ ഈ വര്‍ഷം പ്രവേശനം നേടിയ കുട്ടികളുടെ പഠനം തടസ്സപ്പെടുത്തരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മാനേജ്മെൻറുകളുടെ ഹരജി തള്ളിയതോടെ ജയിംസ് കമ്മിറ്റി നിർദേശത്തിന് വിരുദ്ധമായി പഠനം തുടങ്ങിയ കുട്ടികളുടെ പ്രവേശനവും റദ്ദായി.
ഇരു മാനേജ്മെൻറുകളും രേഖകൾ സമർപ്പിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പ്രവേശനം റദ്ദാക്കിയതെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ വാദം അംഗീകരിച്ച് ജയിംസ് കമ്മിറ്റി ഉത്തരവിന് സുപ്രീംകോടതി അംഗീകാരം നൽകി. ഇൗ വർഷം പ്രവേശനം നൽകാൻ കമ്മിറ്റി നിർദേശിച്ച സീറ്റുകളിൽ അടുത്ത വർഷം പ്രവേശനം നൽകണമെന്ന ഭേദഗതിയും ഉത്തരവിൽ വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.