മെഡിക്കൽ പി.ജി സംവരണം ഉയർത്തൽ ഈ അധ്യയന വർഷം പ്രായോഗികമല്ലെന്ന് പിന്നാക്ക വിഭാഗ കമീഷന്
text_fieldsകൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിനും ഒമ്പത് ശതമാനത്തിന് പുറമെ സംവരണം നൽകുന്നത് ഉടൻ പ്രായോഗികമാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്. കൊച്ചിയിൽ നടന്ന സിറ്റിങ്ങിലാണ് കമീഷെൻറ നിരീക്ഷണം. കേരളത്തിലെ പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം 2019- 20 അക്കാദമിക് വർഷം ഈ സംവരണം നടപ്പാക്കണമെന്നതായിരുന്നു കമീഷന് ലഭിച്ച നിവേദനം.
എസ്.ഇ.ബി.സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ പി.ജി. കോഴ്സിന് നിലവിലെ ഒമ്പത് ശതമാനം സംവരണം 30 ശതമാനമായി വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. സർക്കാറിനെ പ്രതിനിധീകരിച്ച് ആയുഷ് ഡിപാർട്ട്മെൻറിലെ അഡീഷനൽ സെക്രട്ടറിയും ആയുഷിെൻറയും മെഡിക്കൽ എജുക്കേഷൻ ഡയറക്ടർമാരും അദാലത്തിൽ ഹാജരായിരുന്നു. ഭരണഘടന ഭേദഗതി അനുസരിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നത് സംബന്ധിച്ച് സാഹചര്യമാണ് സർക്കാറിെൻറ പരിഗണനയിലുള്ളതെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചു. സംവരണത്തിന് അർഹരായവർ ആരൊക്കെ, എന്തെല്ലാം മാനദണ്ഡങ്ങൾ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നതിന് സമയമെടുക്കുമെന്നും 2020-21 കാലഘട്ടത്തിൽ എല്ലാവരെയും കേട്ട് ഉചിതമായ തീരുമാനമെടുക്കുന്നതാണ് അഭികാമ്യമെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലയിലെ കടച്ചിക്കൊല്ലന് സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വേട്ടുവ കൗണ്ടര്‍ സമുദായത്തെ പിന്നാക്കവിഭാഗത്തില്‍ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനങ്ങളും കമീഷൻ പരിഗണിച്ചു. കിർത്താഡ്സിെൻറ വിശദമായ റിപ്പോർട്ട് കൂടി പഠിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി മാറ്റിവെച്ചു.
കുളത്തൂപ്പുഴ പഞ്ചായത്തിലെ റിഹാബിലിറ്റേഷന്‍ പ്ലാേൻറഷന്‍ ലിമിറ്റഡില്‍ ജോലി ചെയ്യുന്ന മുത്തുരാജ സമുദായത്തില്‍ പെട്ടവരെ ഒ.ബി.സി ലിസ്റ്റില്‍ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ വിശദമായ നിവേദനം ഒരുമാസത്തിനകം നൽകാൻ നിർദേശം നൽകി.
കാസർകോട് ജില്ലയിലെ കമ്മാറ സമുദായത്തെ സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിൽ സർക്കാറിെൻറ ഉപദേശം തേടാനും തീരുമാനിച്ചു. കമീഷൻ ചെയര്മാന് റിട്ട. ജസ്റ്റിസ് ജി. ശിവരാജന്, അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.