ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്ന രേഖയിൽ ഒപ്പുവെച്ചിട്ടില്ലെന്ന് മീനാക്ഷി ലേഖി
text_fieldsന്യൂഡൽഹി: ലോക്സഭയിലെ ചോദ്യത്തിന് സ്വന്തം പേരുവെച്ച് എഴുതി നൽകിയ മറുപടിയിൽ നിന്ന് കൈകഴുകി വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഇത് വിവാദത്തിന് വഴിവെച്ചപ്പോൾ തിരുത്തുമായി സർക്കാർ.
ഫലസ്തീനിലെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ സർക്കാറിനു മുന്നിൽ എന്തെങ്കിലും നിർദേശമുണ്ടോ, ഇസ്രായേൽ ഭരണകൂടം ഇത്തരത്തിൽ ഒരാവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്ന കെ. സുധാകരന്‍റെ ചോദ്യത്തിന്, സർക്കാറിനുവേണ്ടി എഴുതി നൽകിയ മറുപടി മീനാക്ഷി ലേഖിയുടെ പേരിലായിരുന്നു. യു.എ.പി.എ പ്രകാരമാണ് ഒരു സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളാണ് ഇക്കാര്യം പരിഗണിക്കുന്നത് എന്നായിരുന്നു മറുപടി.
എന്നാൽ, ഹമാസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനുള്ള മറുപടിയിലും താൻ ഒപ്പുവെച്ചിട്ടില്ലെന്നാണ് മീനാക്ഷി ലേഖി സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. ഈ മറുപടി തയാറാക്കിയത് ആരാണെന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർ ആരാണെന്ന് വെളിപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാർലമെന്‍റ് ചോദ്യോത്തരത്തിന്‍റെ പകർപ്പും മറുപടിയും ‘എക്സി’ൽ പോസ്റ്റ് ചെയ്തതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുടെ ശ്രദ്ധ മന്ത്രി ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തു.
പാർലമെന്‍റിൽ സർക്കാർ നൽകുന്ന മറുപടി ആധികാരികമാണെന്നിരിക്കെ, അത് തെറ്റിയാൽ പാർലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രശ്നം ഉയരും. മന്ത്രി അറിയാതെ എങ്ങനെ, ആര് മറുപടി നൽകിയെന്ന ചോദ്യമാണ് മീനാക്ഷി ലേഖിയുടെ വിശദീകരണത്തിന് പിന്നാലെ ഉയരുന്നത്. പാർലമെന്‍റ് മറുപടി കൃത്രിമ രേഖയാണോ, വളച്ചൊടിച്ചതാണോ എന്ന് ശിവസേനയിലെ പ്രിയങ്ക ചതുർവേദി ചോദിച്ചു. അങ്ങനെയെങ്കിൽ ഗുരുതരമായ ചട്ടലംഘനമാണ് നടന്നിരിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
പാർലമെന്‍റിലെ ചോദ്യത്തിനുള്ള മറുപടി തന്‍റേതല്ലെന്നുപറഞ്ഞ് മന്ത്രി കൈയൊഴിഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ വിദേശകാര്യ മന്ത്രാലയം വിശദീകരണ പ്രസ്താവന ഇറക്കി. ‘ലോക്സഭയിലെ 980ാം നമ്പർ ചോദ്യത്തിനുള്ള മറുപടിയിൽ സാങ്കേതികമായ തിരുത്തൽ ആവശ്യമുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് മറുപടി നൽകിയിട്ടുള്ളത്. ഈ വിഷയത്തിൽ യുക്തമായ നടപടി സ്വീകരിച്ചുവരുകയാണ്’ -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. മന്ത്രാലയ തലത്തിൽ അന്വേഷിച്ച് മറുപടി തേടാവുന്ന വിഷയം മീനാക്ഷി ലേഖി സ്വയം സമൂഹ മാധ്യമങ്ങളിലേക്ക് നൽകിയത് എന്തുകൊണ്ടാണെന്ന ചോദ്യം പക്ഷേ, ബാക്കിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.