നിലപാട് മുൻനിർത്തിയുള്ള പോരാട്ടം തുടങ്ങുന്നു –മീര കുമാർ
text_fieldsന്യൂഡൽഹി: നിലപാട് മുൻനിർത്തിയുള്ള പോരാട്ടം തുടങ്ങുകയാണെന്ന് രാഷ്ട്രപതി സ്ഥാനാർഥി മീര കുമാർ. ജനാധിപത്യ മൂല്യങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, എല്ലാവരെയും ഉൾച്ചേർക്കൽ, സുതാര്യത, ജാതി ഇല്ലായ്മ ചെയ്യൽ എന്നിങ്ങനെ വിചാരധാര അടിസ്ഥാനപ്പെടുത്തിയാണ് ഇൗ പോരാട്ടമെന്ന് പത്രിക നൽകിയശേഷം അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യം ദശാസന്ധിയിൽ നിൽക്കേ, അതിനനുസരിച്ച് മനഃസാക്ഷി വോട്ടുചെയ്യാൻ എല്ലാ സമ്മതിദായകരോടും അഭ്യർഥിച്ചിട്ടുണ്ട്. ഇടുങ്ങിയ ചിന്താഗതികളുടേതാണ് ഒരു പാത. അവിടെ പാവങ്ങളുടെയും ദുർബലരുടെയും കാര്യത്തിൽ ഉത്കണ്ഠയില്ല. എല്ലാ മതവിഭാഗങ്ങളിലും പെട്ട ദുർബലരെ ഉന്നതിയിലേക്കു നയിക്കുന്നതാണ് രണ്ടാമത്തെ പാത.
പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് ഇത് നിലപാടുകൾക്കും തത്ത്വങ്ങൾക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. തങ്ങൾ പോരാടുകതന്നെ ചെയ്യും. വിദേശത്ത് അവധിക്കാലം ചെലവിടുന്ന രാഹുൽ ഗാന്ധി പത്രികസമർപ്പണ സമയത്ത് ഉണ്ടായിരുന്നില്ല. രാജ്യത്തെയും ജനങ്ങളെയും കൂട്ടിയിണക്കുന്ന മൂല്യങ്ങളെയാണ് മീര കുമാർ പ്രതിനിധാനംചെയ്യുന്നതെന്ന് ട്വിറ്റർ സന്ദേശത്തിൽ രാഹുൽ പറഞ്ഞു. മീര കുമാറിനെ സ്ഥാനാർഥിയാക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.