ഏത് അമർത്തിയാലും താമര; യു.പി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വ്യാപക പരാതി
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ ഏത് ബട്ടണിൽ അമർത്തിയാലും താമര ചിഹ്നത്തിൽ വോട്ട് പതിയുന്ന പ്രതിഭാസം വീണ്ടും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിരന്തരം ആവർത്തിക്കുന്ന ഉറപ്പുകൾക്ക് ശേഷവും ഉത്തർപ്രദേശ് മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് ‘വോട്ട് മാറൽ’ നടന്നത്. വിവിധ സ്ഥലങ്ങളിൽ പരാതിയുയർന്നതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും സ്ഥാനാർഥിക്ക് വെടിയേൽക്കുകയും ചെയ്തു. പലയിടങ്ങളിലും വോട്ടുയന്ത്രം മാറ്റേണ്ടി വന്നു.
പടിഞ്ഞാറൻ യു.പിയിലെ മീറത്തിൽ 89ാം വാർഡിൽ ഏത് ബട്ടൺ അമർത്തിയാലും വോട്ട് പോകുന്നത് ബി.ജെ.പിക്കാണെന്ന് വോട്ടർമാർ പരാതിപ്പെട്ടു. എന്നാൽ, നടപടി എടുത്തില്ല. ഒടുവിൽ, പരാതി പരിശോധിക്കുമെന്ന വിശദീകരണവുമായി മീറത്ത് ഡിവിഷനൽ കമീഷണർ ഡോ. പ്രഭാത് കുമാർ രംഗത്തുവന്നു.
മീറത്തിലെ തന്നെ ധാവായ് നഗർ പ്രദേശത്തുനിന്നാണ് മറ്റൊരു പരാതി വന്നത്. ഏത് ബട്ടൺ അമർത്തിയാലും താമരയോ അല്ലെങ്കിൽ നോട്ടയോ ആണ് യന്ത്രത്തിൽ തെളിഞ്ഞത്. ഇത് ഫോണിൽ റെക്കോഡ് ചെയ്ത് ബി.എസ്.പി പ്രവർത്തകൻ പുറത്തുവിട്ടു. ബി.എസ്.പി സ്ഥാനാർഥിക്ക് താൻ ചെയ്ത വോട്ട് ബി.ജെ.പിക്കും നോട്ടക്കും വീഴുന്നതാണ് ചിത്രീകരിച്ചത്. പുതിയ വോട്ടുയന്ത്രം കൊണ്ടുവന്നാണ് വോെട്ടടുപ്പ് തുടർന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ സൗത്ത് ദുജിലെ 55ാം വാർഡിൽ ഒന്നര മണിക്കൂർ വോെട്ടടുപ്പ് തടസ്സപ്പെട്ടു. കാൺപുരിൽനിന്നും സമാന പരാതിയുയർന്നു. ഹർഷ് നഗറിൽ ബി.എസ്.പിക്ക് വോട്ടുചെയ്ത ഒരാൾ തെളിഞ്ഞത് താമരയിലാണെന്ന് പരാതിപ്പെട്ടു. വീണ്ടും ശ്രമിച്ചപ്പോൾ നോട്ടയിലാണ് പതിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഇതേ തുടർന്ന് സമാജ്വാദി പാർട്ടി, ബി.ജെ.പി അനുയായികൾ ഏറ്റുമുട്ടി. പിന്നീട് വോട്ടുയന്ത്രം മാറ്റി. വോട്ട് കൃത്രിമം ഉണ്ടാക്കിയ സംഘർഷത്തിൽ പ്രതാപ്ഗഡിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് വെടിയേറ്റു. സ്ഥാനാർഥിയെ അലഹബാദ് ആശുപത്രിയിലേക്ക് മാറ്റി.
യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ അതിപ്രാധാന്യമാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ബി.ജെ.പി കൽപിക്കുന്നത്. വ്യാപക പരാതിക്കിടയിലും ഒരു വോട്ട് യന്ത്രത്തിലും കൃത്രിമം നടന്നിട്ടില്ലെന്നാണ് ഉത്തർപ്രദേശ് അഡീഷനൽ തെരഞ്ഞെടുപ്പ് കമീഷണർ വേദ്പ്രകാശിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.