സർജറിക്കിടെ വൃക്ക മോഷ്ടിച്ചു; ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി
text_fieldsലഖ്നോ: സർജറിക്കിടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. ഉത്തർപ്രദേശ് മീററ്റിലെ കെ.എം.സി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഡോക്ടർമാർക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. തുടർന്ന് ആറ് ഡോക്ടർമാർക്കെതിരെയും ആശുപത്രിയിലെ മറ്റ് ജീവനക്കാർക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചപ്പോൾ അവർ യുവതിയെ മർദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
2017ലായിരുന്നു സംഭവം. ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് മീററ്റിലെ ബാഗ്‌പത് റോഡിലുള്ള കെ.എം.സി ആശുപത്രിയിൽ യുവതി ചികിത്സ തേടിയിരുന്നു. യുവതിയെ പരിശോധിച്ച ഡോക്‌ടര്‍ സുനിൽ ഗുപ്‌ത ശസ്‌ത്രക്രിയയ്‌ക്ക് ശുപാര്‍ശ ചെയ്‌തു.
തുടര്‍ന്ന് 2017 മെയ് 20ന് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ തന്റെ വൃക്ക മോഷ്ടിച്ചെന്നാണ് യുവതിയുടെ പരാതി. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത സഹ ഡോക്‌ടർമാരുമായി ചേർന്ന് തൻ്റെ വൃക്ക നീക്കം ചെയ്‌ത് മറ്റൊരാൾക്ക് വിറ്റതായി യുവതി ആരോപിച്ചു.
2022 ഒക്‌ടോബർ 28ന് മറ്റൊരു ഡോക്‌ടര്‍ തന്നെ പരിശോധിച്ചപ്പോഴാണ് ഇടതു വൃക്ക ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തതായി കണ്ടെത്തിയതെന്ന് യുവതി പറയുന്നു. ഡോക്‌ടര്‍ സുനിൽ ഗുപ്‌ത അവയവങ്ങൾ കടത്തുന്ന ആളാണെന്നും യുവതി ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ ആശുപത്രി ഡയറക്‌ടര്‍ക്കും ഡോക്‌ടര്‍മാര്‍ക്കുമെതിരെ കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.