ലോറൻസ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷർട്ട് വില്പനക്ക് വച്ച് മീഷോ; വിമർശനം
text_fieldsന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാസംഘ തലവൻ ലോറൻസ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷർട്ടുകൾ വില്പനക്ക് വച്ച പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയ്ക്ക് കടുത്ത വിമർശനം. ഇതോടെ മീഷോ ടീ-ഷർട്ടുകൾ പിൻവലിച്ചു.
നിർമാതാവ് അലിഷാൻ ജാഫ്രി തന്റെ എക്സ് പോസ്റ്റിലൂടെ ഈ വിവരം പങ്കുവച്ചതോടെയാണ് സംഭവം ചർച്ചാ വിഷയമായത്. മീഷോ, ടീഷോപ്പർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആളുകൾ ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതായും ഇത് രാജ്യത്തെ ഏറ്റവും പുതിയ ഓൺലൈൻ റാഡിക്കലൈസേഷന്‍റെ ഒരു ഉദാഹരണം മാത്രമാണെന്നും അലിഷാൻ ജാഫ്രി പറഞ്ഞു.
യുവാക്കൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാൻ പൊലീസും എൻ.ഐ.എയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തിൽ പണം സമ്പാദിക്കുന്നു എന്ന് ജാഫ്രി എക്സിൽ വിമർശിച്ചു.
168 രൂപയിൽ താഴെയാണ് ഈ ടീ-ഷർട്ടുകൾ വിൽപനക്ക് വെച്ചിരുന്നത്. വലിയ വിമർശനങ്ങൾ നേരിട്ടതോടെ മീഷോ വെബ്‌സൈറ്റിൽ നിന്നും ടീ-ഷർട്ടുകൾ ഒഴിവാക്കി.
കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയ കേസിൽ നടൻ സൽമാൻ ഖാനെതിരെ പരസ്യമായി ഭീഷണി മുഴക്കിയതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം, അടുത്തിടെ എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം തുടങ്ങി നിരവധി കേസുകളിലും ബിഷ്‌ണോയി ഉൾപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.